
മുംബൈ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഇന്നലെ ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരായ മത്സരത്തില്‍ 34 പന്തില്‍ 53 റണ്‍സ് നേടിയതോടെയാണ് ശ്രേയസ് പത്താം സ്ഥാനത്തെത്തിയത്. 13 മത്സരങ്ങളില്‍ 488 റണ്‍സാണ് ശ്രേയസ് നേടിയത്. സഹതാരം പ്രഭ്‌സിമ്രാന്‍ സിംഗിനെ (486) പിന്തള്ളാനും ശ്രേയസിന് സാധിച്ചു. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എല്‍ രാഹുല്‍ ഏഴാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങങ്ങളില്‍ 539 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഇന്നലെ പഞ്ചാബിനെതിരെ 21 പന്തില്‍ 35 റണ്‍സാണ് രാഹുല്‍ നേടിയത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്. 13 മത്സരങ്ങളില്‍ 638 റണ്‍സ് നേടിയ സായിയാണ് ഒന്നാമത്. 53.17 ശരാശരിയിലാണ് സായിയുടെ നേട്ടം. 155.99 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഗില്‍ രണ്ട് റണ്‍സ് മാത്രം പിറകില്‍. 636 റണ്‍സ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ഇറങ്ങുമ്പോള്‍ ആര് മുന്നിലെത്തുമെന്ന് അറിയാന്‍ സാധിക്കും. മുംബ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് (583), മിച്ചല്‍ മാര്‍ഷ് (560), യശസ്വി ജയ്‌സ്വാള്‍ (559) എന്നിവര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുളള സ്ഥാനങ്ങളില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി (548) ആറാമതാണ്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരത്തിന് 60.89 ശരാശരിയുണ്ട്. പിന്നാലെ രാഹുല്‍. ഗുജറാത്തിന്റെ ജോസ് ബട്‌ലര്‍ (533), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ (511) എന്നിവര്‍ ശ്രേയസിന് മുന്നില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍.
അതേസമയം, ഇന്ന് ഐപിഎല്ലിലെ ആദ്യ മത്സരത്തിലാണ് ഗുജറാത്ത്, ചെന്നൈയെ നേരിടുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒന്നാം സ്ഥാനം ഉറപ്പിക്കാം. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് ഗുജറാത്തിന്. 13 മത്സരങ്ങളില്‍ 17 പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ അടുത്ത മത്സരം ജയിച്ചാല്‍ പോലും ഗുജറാത്തിന്റെ മുന്നിലെത്താന്‍ അവര്‍ക്ക് സാധിക്കില്ല.