
മുംബൈ: ഐപിഎല്‍ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അവസാന പന്തില്‍ തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസ് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ 11 കളികളില്‍ 16 പോയന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 11 കളികളില്‍ 16 പോയന്‍റുള്ള ആര്‍സിബി നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തായി. 11 കളികളില്‍ 15 പോയന്‍റുമായി പഞ്ചാബ് കിംഗ്സാണ് പോയന്‍റ് പട്ടികയില്‍ മൂന്നാമത്. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷമാണ് മുംബൈ തോല്‍വിയറിയുന്നത്.
11 കളികളില്‍ 13 പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈക്ക് ഭീഷണിയായി അഞ്ചാം സ്ഥാനത്തുണ്ട്. ഇന്നലെ മുംബൈ തോറ്റതോടെ ഈ മാസം 15ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ണായകമായി. ഡല്‍ഹിക്ക് ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായും മത്സരമുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി 15 പോയന്‍റുമായി ഡല്‍ഹിക്ക് നാലാം സ്ഥാനത്തേക്ക് കയറാനാവും. മുംബൈക്കാകട്ടെ ഡല്‍ഹിക്ക് പുറമെ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ധരംശാലയിലാണ് പഞ്ചാബിനെതിരായ മത്സരം.
ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ മഴ പലവട്ടം വില്ലനായ കളിയില്‍ ഗുജറാത്തിന്‍റെ ലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രാഹുല്‍ തെവാത്തിയ ബൗണ്ടറി നേടിയത് ഗുജറാത്തിന് ആശ്വാസമായി.
രണ്ടാം പന്തില്‍ സിംഗിളെടുത്ത തെവാത്തിയ സ്ട്രൈക്ക് ജെറാള്‍ഡ് കോട്സീക്ക് കൈമാറി. ചാഹര്‍ എറിഞ്ഞ മൂന്നാം പന്ത് സിക്സിന് പറത്തിയ കോട്സി നോ ബോളായ അടുത്ത പന്തില്‍ സിംഗിളെടുത്തു. ഫ്രീ ഹിറ്റായ പന്തിലും സിംഗിളെടുത്ത ഗുജറാത്തിന് അഞ്ചാം പന്തില്‍ കോട്സിയുടെ വിക്കറ്റ് നഷ്ടമായി. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം ഒരു റണ്ണായി. ദീപക് ചാഹറിന്‍റെ പന്ത് മിഡോണിലേക്ക് തട്ടിയിട്ട് അര്‍ഷാദ് ഖാന്‍ ഓടിയെങ്കിലും റണ്ണൗട്ടാക്കാൻ ലഭിച്ച സുവര്‍ണാവസരം മുംബൈ നഷ്ടമാക്കി. ഇതോടെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ജയിച്ചാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക