
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. മഴ കരണം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയിച്ചത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിലെ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.
പവര്‍ പ്ലേയിൽ മോശം തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലായിരുന്നു. ടൂര്‍ണമെന്റിൽ ഉടനീളം ഫോമിലായിരുന്ന സായ് സുദര്‍ശന്റെ (5) വിക്കറ്റാണ് ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായത്. ഇതോടെ ക്രീസിലൊന്നിച്ച ജോസ് ബട്ലര്‍ - ശുഭ്മാൻ ഗിൽ സഖ്യം കരുതലോടെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. പലപ്പോഴും വാങ്കഡെയിൽ ഭീഷണിയായി മഴയെത്തിയതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് ആവശ്യമായ സ്കോറുകൾ സ്കോര്‍ ബോര്‍ഡിൽ മിന്നിമാഞ്ഞു. ഇന്നിംഗ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 68ൽ എത്തി.
12-ാം ഓവറിൽ ബട്ലര്‍ - ഗിൽ കൂട്ടുകെട്ട് മുംബൈ പൊളിച്ചു. ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാച്ച് തിലക് വര്‍മ്മ പാഴാക്കിയെങ്കിലും വൈകാതെ തന്നെ ബട്ലറെ പുറത്താക്കി അശ്വനി കുമാര്‍ മുംബൈ ആരാധകരെ ആവേശത്തിലാക്കി. എന്നാൽ, ആവേശം അധികം നീണ്ടുനിൽക്കുന്നതായിരുന്നില്ല. മെല്ലെപ്പോക്ക് തുടരുകയായിരുന്ന ഗുജറാത്തിന്റെ ഇന്നിംഗ്സിനെ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫെയ്ൻ റൂഥര്‍ഫോര്‍ഡ് വേഗത്തിലാക്കി. വിൽ ജാക്സ് എറിഞ്ഞ 13-ാം ഓവറിന്‍റെ ആദ്യ പന്തുകളിൽ വിയര്‍ത്തെങ്കിലും അവസാന മൂന്ന് പന്തുകളിൽ 2 ബൗണ്ടറികളും ഒരു സിക്സറും പറത്തി റൂഥര്‍ഫോര്‍ഡ് ഗുജറാത്തിന് ആശ്വാസമേകി. തൊട്ടടുത്ത ഓവറിൽ അശ്വനി കുമാറിനെ അതിര്‍ത്തി കടത്തി വീണ്ടും റൂഥര്‍ഫോര്‍ഡ് അപകടകാരിയായി.
14 ഓവറുകൾ പൂര്‍ത്തിയായതോടെ മഴ കളി തടസപ്പെടുത്തി. ഈ സമയം ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തന് 99 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഗുജറാത്ത് 2ന് 107 റൺസ് എന്ന നിലയിലെത്തിയിരുന്നു. മത്സരം പുന:രാരംഭിച്ചതിന് പിന്നാലെ 43 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന ഗില്ലിനെ ജസ്‌പ്രീത് ബുമ്ര പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റൂഥര്‍ഫോര്‍ഡിനെ മടക്കിയയച്ച് ബോൾട്ട് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഷാറൂഖ് ഖാന്റെ (6) കുറ്റി തെറിപ്പിച്ച് ബുമ്ര വീണ്ടും മുംബൈക്ക് മേൽക്കൈ നൽകി. റാഷിദ് ഖാനെ വിക്കറ്റിന് മുന്നിൽ കുരുക്കി അശ്വനി കുമാറും അവസരത്തിനൊത്ത് ഉയർന്നത്തോടെ ഗുജറാത്ത് പ്രതിരോധത്തിലായി. അവസാന 2 ഓവറിൽ ജയിക്കാൻ 24 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നാലെ വീണ്ടും രസംകൊല്ലിയായി മഴ എത്തി. ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് ആവശ്യമായ സ്കോർ 137.
അവസാനം 1 ഓവറിൽ 15 റൺസ് എന്ന ലക്ഷ്യമാണ് ഗുജറാത്തിന് മുന്നിൽ എത്തിയത്. ദീപക് ചഹറിനെയാണ് ഹാർദിക് പാണ്ട്യ നിർണായക ഓവർ ഏൽപ്പിച്ചത്. ആദ്യ പന്ത് തന്നെ രാഹുൽ തെവാതിയ ബൗണ്ടറി നേടി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ കോർട്സിയയുടെ വക സിക്സർ. നോ ബോൾ ഫ്രീ ഹിറ്റ് കിട്ടിയെങ്കിലും ഒരു റൺ നേടാനേ കോർട്സിയയ്ക്ക് കഴിഞ്ഞുള്ളു. 2 പന്തിൽ 1 റൺ വേണമെന്നിരിക്കെ കൂറ്റനടിക്ക് ശ്രമിച്ച കോർട്സിയയ്ക്ക് പിഴച്ചു. 6 പന്തിൽ 12 റൺസ് നേടിയ കോർട്സിയയെ ദീപക് ചഹർ പുറത്താക്കി. ഇതോടെ അവസാന പന്തിൽ ജയിക്കാൻ 1 റൺ. സിംഗിളിന് ശ്രമിച്ച അർഷാദ് ഖാനെ റൺ ഔട്ട് ആക്കാനുള്ള അവസരം ഹാർദിക് പാണ്ട്യ പാഴാക്കിയതോടെ ഗുജറാത്തിന് ആവേശകരമായ വിജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!