
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഹൈദരാബാദ് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത തെളിയും. മൂന്ന് ജയവും ആറ് തോല്‍വിയുമാണ് ഹൈദരാബാദിന്റെ അക്കൗണ്ടില്‍. നിലവില്‍ എട്ടാം സ്ഥാനത്തുണ്ട് നിലവിലെ റണ്ണറപ്പായ ഹൈദരാബാദ്. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം.
നിലവില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രം. രണ്ട് ജയവും ഏഴ് തോല്‍വിയും. രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈക്ക് കൂട്ടുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള അവര്‍ക്ക് ഏഴ് തോല്‍വിയുമാണുള്ളത്. അക്കൗണ്ടിലുള്ളത് നാല് പോയിന്റ് മാത്രം. ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ആറ് പോയിന്റാണുള്ളത്. എന്നാല്‍ അവര്‍ ഹൈദരാബാദിനേക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിക്കാനായാല്‍ എട്ട് പോയിന്റുകള്‍ സ്വന്തമാക്കാം. എന്നാലും ഏഴാം സ്ഥാനത്ത് നിന്ന് കയറാനാവില്ല.
ആദ്യ മൂന്നിലുള്ള മൂന്ന് ടീമുകള്‍ക്കും 12 പോയിന്റാണുള്ളത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സും രണ്ടാമതുണ്ട് ഡല്‍ഹി കാപിറ്റല്‍സും എട്ട് വീതം മത്സരങ്ങള്‍ കളിച്ചു. ആറ് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഗുജറാത്ത് ഒന്നാമതായി. മൂന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അക്കൗണ്ടില്‍ മൂന്ന് തോല്‍വിയും ആറ് ജയവും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇന്ന് നിര്‍ണായകം, പക വീട്ടണം; പ്ലേ ഓഫ് ഉറപ്പാക്കാന്‍ പഞ്ചാബ് കിംഗ്‌സ്
നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകള്‍ക്കും 10 പോയിന്റ് വീതമുണ്ട്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അഞ്ച് ജയവും നാല് തോല്‍വിയുമാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമുള്ളത്. അഞ്ചാമതുള്ള പഞ്ചാബ് കിംഗ്‌സ് എട്ട് മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. അവര്‍ക്കും അഞ്ച് ജയവും മൂന്ന് തോല്‍വിയും. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഇക്കൂട്ടത്തിലെ മൂന്നാമന്‍. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലക്‌നൗ. അഞ്ചെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്.