ചണ്ഡീഗഢില്‍ കണ്ട ത്രില്ലര്‍ പോര് ഈഡന്‍ ഗാര്‍ഡനിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 111 റണ്‍സ് പ്രതിരോധിച്ച് ചരിത്ര ജയം കുറിച്ച പഞ്ചാബിനെതിരെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത. 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിംഗ്‌സ് പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് 7.30നാണ് മത്സരം. ഈ സീസണില്‍ പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണ. ചണ്ഡീഗഢില്‍ കണ്ട ത്രില്ലര്‍ പോര് ഈഡന്‍ ഗാര്‍ഡനിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 111 റണ്‍സ് പ്രതിരോധിച്ച് ചരിത്ര ജയം കുറിച്ച പഞ്ചാബിനെതിരെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത. 

പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ് മത്സരം. 8 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് കിംഗ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്. ഇനിയുള്ള ആറ് മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ കൂടി കണ്ടെത്തിയാല്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമുള്ള. ഇനിയുള്ള ആറില്‍ അഞ്ചിലും ജയിക്കണം. ആര്‍സിബിയോട് തോറ്റാണ് പഞ്ചാബ് ഈഡന്‍ ഗാര്‍ഡനിലെത്തുന്നത്. കൊല്‍ക്കത്ത അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യരെയാണ് കൊല്‍ക്കത്ത ഭയക്കുന്നത്.

പ്രിയന്‍ഷ് ആര്യ മികച്ച തുടക്കം നല്‍കിയാല്‍ സ്‌കോര്‍ ഉയരും. മുന്‍ നിര ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് കൊല്‍ക്കത്തയുടെ തലവേദന. എങ്കിലും പഞ്ചാബിനെതിരെ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള ആന്ദ്രേ റസലാണ് തുറപ്പുചീട്ട്. സുനില്‍ നരെയ്ന്‍ - വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ദ്വയവും പഞ്ചാബിന് വെല്ലുവിളിയാകുമെങ്കിലും തിരിച്ചടിക്കാന്‍ ചഹലും മാക്‌സ്‌വെല്ലുമുണ്ട്. മാര്‍ക്കോ യാന്‍സന്റെ തീയുണ്ടകളെയും കൊല്‍ക്കത്ത കരുതിയിരിക്കണം. 

ഐപിഎല്‍ ബലാബലത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് കൊല്‍ക്കത്തയ്ക്ക്. ഈഡന്‍ ഗാര്‍ഡനില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് 13 തവണ. ഇതില്‍ ഒന്‍പതിലും ജയം നിലവിലെ ചാംപ്യന്മാര്‍ക്ക്. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം. 

കൊല്‍ക്കത്ത: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംഷി, വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, മൊയിന്‍ അലി / റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, വൈഭവ് റാണ.

പഞ്ചാബ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍ / വൈശാഖ് വിജയ്കുമാര്‍.