IPL Retention : മുംബൈയിലേക്ക് തിരിച്ചെത്തില്ലെന്ന സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Dec 2, 2021, 10:35 PM IST
Highlights

സമീപകാലത്തെ മോശം ഫോമും പരിക്കുമാണ് ഹാര്‍ദിക്കിനെ കൈവിടുന്ന തീരുമാനത്തിലേക്ക് മുംബൈയെ നയിച്ചെതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്.

മുംബൈ: ഐപിഎല്‍ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള(IPL Retention) സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ(Hardik Pandya) കൈവിട്ടതിന് പിന്നാലെ ഇനി മുംബൈ ടീമിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ. മുംബൈ ടീമുമൊമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ കുറിപ്പിലാണ് ഹാര്‍ദിക് എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്ന് കുറിച്ചത്.

ഈ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ എനിക്കൊപ്പമുണ്ടാകും. മുംബൈയില്‍ ചെലവഴിച്ച നിമിഷങ്ങളും. ഇവിടെയുണ്ടായിരുന്ന സൗഹൃദങ്ങളും സഹതാരങ്ങളും ആരാധകരുമെല്ലാം. കളിക്കാരനെന്ന മാത്രമല്ല വ്യക്തിയെന്ന നിലയിലും വളരാന്‍ അവസരമൊരുക്കിയതിന് മുംബൈ ഇന്ത്യന്‍സിനോട് എനിക്ക് കടപ്പാടുണ്ട്. വലിയ സ്വപ്നങ്ങളും പേറി ഒരു യുവതാരമായാണ് ഞാനിവിടെ എത്തിയത്. നമ്മള്‍ ഒരുമിച്ച് പൊരുതി, നമ്മള്‍ ഒരുമിച്ച് ജയിച്ചു. നമ്മള്‍ ഒരുമിച്ച് തോറ്റു. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടല്ലോ. മുംബൈ ഇന്ത്യന്‍സ് എക്കാലവും എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും-എന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ കുറിപ്പ്.

സമീപകാലത്തെ മോശം ഫോമും പരിക്കുമാണ് ഹാര്‍ദിക്കിനെ കൈവിടുന്ന തീരുമാനത്തിലേക്ക് മുംബൈയെ നയിച്ചെതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്.

കൈവിട്ട താരങ്ങളില്‍ മൂന്നു പേരെയെങ്കിലും ഐപിഎല്‍ മെഗാ താരലേലത്തില്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ തയാറാക്കുമെന്ന് മുംബൈ ടീമിന്‍റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ സഹീര്‍ ഖാന്‍ ഇന്നലെ വ്യക്തമാക്കിയെങ്കിലും ഹാര്‍ദ്ദിക് തിരിച്ചുവരാനിടയില്ലെന്നാണ് സൂചന.  കെ എല്‍ രാഹുല്‍ നായകനാകുമെന്ന് കരുതുന്ന ലക്നോ ടീമിലേക്കാകും ഹാര്‍ദ്ദിക് പോകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദ്ദിക്കിന്‍റെ അടുത്ത സുഹൃത്തായ കെ എല്‍ രാഹുലിനെയും ലക്നോ ടീം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. ഹാര്‍ദ്ദികിന് പുറമെ യുവതാരം ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദികിന്‍റെ സഹോദരനായ ക്രുനാല്‍ പാണ്ഡ്യ, ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരെയും മുംബൈ താരലേലത്തിന് മുന്നോടിയായി കൈവിട്ടിരുന്നു.

click me!