
മുംബൈ: ഐപിഎല്‍ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള(IPL Retention) സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ(Hardik Pandya) കൈവിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സമീപകാലത്തെ മോശം ഫോമും പരിക്കുമാണ് ഹാര്‍ദിക്കിനെ കൈവിടുന്ന തീരുമാനത്തിലേക്ക് മുംബൈയെ നയിച്ചെതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ മുംബൈ ഹാര്‍ദ്ദികിനെ കൈവിട്ടത് പ്രധാനമായും രണ്ട് കാരണങ്ങളാലാണെന്ന് തുറന്നു പറയുകയാണ് മുന്‍ ന്യൂസിലന്‍ഡ് നായകനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പരിശീലകനുമായിരുന്ന ഡാനിയേല്‍ വെറ്റോറി(Daniel Vettori ).
ഒന്നാമത്തെ കാരണം പണം തന്നെയാണ്. കാരണം മുംബൈക്ക് ഹാര്‍ദ്ദികിനെ വേണ്ടാഞ്ഞിട്ടല്ല കൈവിട്ടത്. എല്ലാ ടീമും ആഗ്രഹിക്കുന്ന കളിക്കാരനാണ് അയാള്‍. പക്ഷെ അയാള്‍ക്ക് രോഹിത്തും ബുമ്രയും കഴിഞ്ഞ് നിലനിര്‍ത്തുന്ന കളിക്കാരില്‍ മൂന്നാം സ്ഥാനം നല്‍കാനെ മുംബൈ തയാറുവകയുള്ളു. സ്വാഭാവികമായും പണം വലിയ ഘടകമാണ്. ഈ സാഹചര്യത്തില്‍ പരസ്പര ധാരണപ്രകാരം അവര്‍ ഹാര്‍ദ്ദികിനെ കൈവിട്ടിരിക്കാം. ഹാര്‍ദ്ദിക് അവരുടെ പ്രധാന കളിക്കാരനാണെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്താന്‍ വന്‍തുക മുടക്കാന്‍ മുംബൈ തയാറായില്ല.
രണ്ടാമത്തെ കാരണം, വ്യക്തിപരമാണ്. കെ എല്‍ രാഹുല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. രാഹുല്‍ പഞ്ചാബ് വിടുന്ന സ്ഥിതിക്ക് മെഗാ താരലേത്തില്‍ പങ്കെടുത്ത് രാഹുലിന്‍റെ പുതിയ ടീമിനൊപ്പം വലിയ തുകക്ക് പോകാനുള്ള സാധ്യത ഹാര്‍ദ്ദികിന് മുന്നിലുണ്ട്. കളിക്കാര്‍ തമ്മില്‍ അത്തരമൊരു ധാരണ രൂപപ്പെട്ടിരിക്കാം. അതുകൊണ്ടുതന്നെ ലക്നോ ടീമില്‍ ഒരുമിച്ച് കളിക്കാന്‍ ഇരുവര്‍ക്കും അവസരമൊരുങ്ങും. എന്നാല്‍ ഇക്കാര്യങ്ങളെത്താം തന്‍റെ നിഗമനങ്ങളാണെന്നും വരും ദിവസങ്ങളില്‍ ഇതില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെറ്റോറി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്. കൈവിട്ട താരങ്ങളില്‍ മൂന്നു പേരെയെങ്കിലും ഐപിഎല്‍ മെഗാ താരലേലത്തില്‍ തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ തയാറാക്കുമെന്ന് മുംബൈ ടീമിന്‍റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ സഹീര്‍ ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹാര്‍ദ്ദികിന് പുറമെ യുവതാരം ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദികിന്‍റെ സഹോദരനായ ക്രുനാല്‍ പാണ്ഡ്യ, ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരെയും മുംബൈ കൈവിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!