
ഹൈദരാബാദ്: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). സ്പിന്നര്‍ റാഷിദ് ഖാനെ കൈവിട്ട ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്(Kane Williamson) പുറമെ ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദിനെയും(Abdul Samad) ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കിനെയുമാണ്(Umran Malik) നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
റാഷിദ് ഖാന്‍ ഐപിഎല്ലിലെ പുതിയ ടീമായ ലക്നോവിലേക്ക് പോയോക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തെ ഹൈദരാബാദ് കൈവിട്ടത്. ഐപിഎല്‍ കരിയറിന്‍റെ തുടക്കം മുതല്‍ സണ്‍റൈസേഴ്സിനല്ലാതെ മറ്റൊരു ടീമിനും റാഷിദ് ഖാന്‍ കളിച്ചിട്ടില്ല. ഇത്തവണ താരലേലത്തിനെത്തിയാല്‍ റാഷിദിന് വേണ്ട് വന്‍തുക മുടക്കാന്‍ ടീമുകള്‍ തയാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ജോണി ബെയര്‍സ്റ്റോയെപ്പോലുള്ള വമ്പന്‍ താരങ്ങളെ കൈവിട്ട് ജമ്മു കാശ്മീര്‍ ബാറ്ററായ അബ്ദുള്‍ സമദിനെപ്പോലുള്ള യുവതാരങ്ങളെ ഹൈദരാബാദ് നിലനിര്‍ത്തിയതും ആരാധകരെ അമ്പരപ്പിച്ചു. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങളൊന്നും ഇതുവരെ സമദ് പുറത്തെടുത്തിട്ടില്ല.
എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടി നടരാജന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നെറ്റഅ ബൗളര്‍ സ്ഥാനത്തുനിന്ന് പകരക്കാരനായി ടീമിലെത്തി ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് നിലനിര്‍ത്തിയെന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വേഗം കൊണ്ട് ഉമ്രാന്‍ മാലിക്ക് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും ഉമ്രാന്‍ മാലിക്കായിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീപാറും പേസ് കൊണ്ട് 21 വയസ് മാത്രമുള്ള ഉമ്രാന്‍ മാലിക്ക് അമ്പരപ്പിച്ചിരുന്നു. കെകെആറിനെതിരെ എറിഞ്ഞ 151.03 കി.മീ വേഗമുള്ള പന്തെറിഞ്ഞ് കഴിഞ്ഞ സീസണിലെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ പന്തിന് ഉടമയായ മാലിക്ക് തൊട്ടുപിന്നാലെ തന്‍റെ രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ 153 കി.മീ വേഗം കണ്ടെത്തി സീസണിലെ തന്നെ വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡും കീശയിലാക്കിയിരുന്നു.152.75 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് സീസണില്‍ വേഗം കൊണ്ട് മറികടന്നത്.
ബാംഗ്ലൂരിനെതിരായ മത്സരശേഷം ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ നായകനുമായിരുന്ന വിരാട് കോലി ഉമ്രാന്‍ മാലിക്കിനെ അഭിനന്ദിച്ചിരുന്നു. തൊട്ടുപിന്നാലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായും ഉമ്രാന്‍ മാലിക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!