
ബെംഗളൂരു: ഐപിഎല്ലിലും ഇന്ത്യൻ ടീമിലും അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 31-കാരനായ ലെഗ് സ്പിന്നര്‍ കെ സി കരിയപ്പ. തെരുവില്‍ കളിച്ചു തുടങ്ങി വിവിധ ടീമുകളുടെ ജേഴ്സി ധരിച്ച് വലിയ സ്റ്റേഡിയങ്ങളിലെ വെളിച്ചത്തിനു കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് സ്വപ്നതുല്യമായിരുന്നുവെന്നും ഈ യാത്രയില്‍ താന്‍ എല്ലാ തരത്തിലുള്ള വികാരങ്ങളിലൂടെയും കടന്നുപോയെന്നും കരിയപ്പ വിരമിക്കല്‍ പോസ്റ്റില്‍ പറഞ്ഞു. കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പിന്തുണച്ച കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പ്രതിസന്ധിഘട്ടത്തില്‍ പിന്തുണച്ച മിസോറം ക്രിക്കറ്റ് അസോസിയേഷനും കരിയപ്പ നന്ദി പറഞ്ഞു.
2015ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് കരിയപ്പയുടെ ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്. സീനിയര്‍ തലത്തില്‍ വലിയ പരിചയസമ്പത്തൊന്നും ഇല്ലാതിരുന്നിട്ടും 2.4 കോടി രൂപക്ക് കൊല്‍ക്കത്തയിലെത്തിയാണ് കരിയപ്പ അത്തവണ ലേലത്തില്‍ ആരാധകരെ ഞെട്ടിച്ചത്. കര്‍ണാടക പ്രീമിയര്‍ ലീഗിലെ പ്രകടനമാണ് കരിയപ്പയെ ഐപിഎല്ലില്‍ എത്തിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്സിനെ പുറത്താക്കിയാണ് കരിയപ്പ തുടങ്ങിയത്. എന്നാല്‍ പിന്നീട് കൊല്‍ക്കത്ത ടീമില്‍ അവസരം കുറഞ്ഞ കരിയപ്പ 2017-2018ല്‍ 80 ലക്ഷം രൂപക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബിനായും 2019ല്‍ വീണ്ടും ശിവം മാവിയുടെ പകരക്കാരനായി കൊല്‍ക്കത്തക്കായും 2021-23 സീസണില്‍ 30 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചു.
ഐപിഎല്ലില്‍ എട്ട് സീസണുകളിലായി 11 മത്സരങ്ങളില്‍ മാത്രമാണ് കരിയപ്പക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. 9.66 ഇക്കോണമിയില്‍ എട്ട് വിക്കറ്റ് വീഴ്ത്താനെ കരിയപ്പക്ക് കഴിഞ്ഞുള്ളു. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5 തവണ അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ 75 വിക്കറ്റും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും കരിയപ്പ നേടി. 58 വിക്കറ്റുകളാണ് ടി20 കരിയറിലാകെ നേടിയത്. ഗൂഗ്ലിയും കാരം ബോളും ലെഗ് സ്പിന്നും ഓഫ് സ്പിന്നുമെല്ലാം മാറി മാറി എറിയാന്‍ കഴിയുന്ന കരിയപ്പയെ മിസ്റ്ററി സ്പിന്നറായാണ് വിശേഷിപ്പിരുന്നത്. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കരിയപ്പ വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള സാധ്യത തേടുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!