ഐപിഎൽ സെപ്റ്റംബർ 14ന് പുനരാരംഭിക്കും, ഫൈനൽ ഒക്ടോബർ 15ന്

By Web TeamFirst Published Jun 7, 2021, 5:52 PM IST
Highlights

വിദേശ കളിക്കാരുടെ പങ്കാളിത്തം സബന്ധിച്ച് വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അനുകൂല പ്രതികരണമാണ് ഇതുവരെ ലഭിച്ചതെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

മുംബൈ: ഒടുവിൽ ഐപിഎല്ലിന്റെ കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനത്തിലെത്തിയതായി റിപ്പോർട്ട്. സെപ്റ്റംബർ 14ന് ദുബായിലായിരിക്കും ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ തുടങ്ങുക. ഒക്ടോബർ 15നാണ് ഫൈനൽ. ഐപിഎൽ ഷെഡ്യൂൾ സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്ക് ക്രിക്കറ്റ് ബോർഡും തമ്മിൽ നേരത്തെ തത്വത്തിൽ ധാരണയായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് ഇപ്പോഴാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിദേശ കളിക്കാരുടെ പങ്കാളിത്തം സബന്ധിച്ച് വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി ചർച്ചകൾ നടത്തിവരികയാണെന്നും അനുകൂല പ്രതികരണമാണ് ഇതുവരെ ലഭിച്ചതെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഐപിഎല്ലിന് ശേഷം ഇന്ത്യയിൽ നടക്കേണ്ട  ടി20 ലോകകപ്പിനും യുഎഇ തന്നെ വേദിയാവുമെന്നാണ് സൂചന. ഇന്ത്യയുടെ ആതിഥേയ അവകാശം നിലനിർത്തിക്കൊണ്ടാകും മത്സരങ്ങൾക്ക് യുഎഇ വേദിയാവുക.

ഐപിഎല്ലിനുശേഷം യുഎഇയിലെ ​ഗ്രൗണ്ടുകൾ മത്സരസജ്ജമാക്കാൻ രണ്ടാഴ്ച സമയം വേണ്ടിവരുമെന്നതിനാൽ ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഒമാനിലെ മസ്കറ്റിൽ നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുശേഷം മത്സരങ്ങൾ വീണ്ടും യുഎഇയിലേക്ക് മാറ്റും.

ലോകകപ്പിന് മുമ്പ് യുഎഇയിലെ വേദികളിൽ കളിക്കുന്നത് ഇന്ത്യൻ കളിക്കാർക്കും ​ഗുണകരമാണ്. ലോകകപ്പും യുഎഇയിലാണ് നടത്തുന്നതെങ്കിൽ കളിക്കാർക്കും ഒഫീഷ്യൽസിനും ഐപിഎല്ലിനുശേഷം വീണ്ടും യാത്ര ചെയ്യേണ്ടെന്ന ആനുകൂല്യവുമുണ്ട്. ലോകകപ്പ് വേദി സംബന്ധിച്ച് ഈ മാസം 28ന് മുമ്പ് നിലപാട് അറിയിക്കാനാണ് ഐസിസി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

click me!