'സഞ്ജുവിനും ഇഷാനും വലിയ അവസരം'; ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Jun 6, 2021, 8:07 PM IST
Highlights

ഇന്ത്യയുടെ ഒന്നാംനിര താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനാല്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ടീം പ്രഖ്യാപിക്കുക.

ഹൈദരാബാദ്: അടുത്തമാസം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. ഇന്ത്യയുടെ ഒന്നാംനിര താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനാല്‍ കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കൂമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരിക്കും ടീമിലെ സീനിയര്‍ താരങ്ങള്‍.

പര്യടനത്തിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കെ ശ്രദ്ധിക്കേണ്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചീഫ് സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കെല്ലാം മത്സരത്തില്‍ സ്വാധീന ചെലുത്താന്‍ സാധിക്കുമെന്നാണ് പ്രസാദ് പറയുന്നത്. ''സൂര്യകുമാര്‍ തന്നെയാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം. സഞ്ജുവിനും ഇശാനും വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. 

ആവേഷ് ഖാന്‍ ടീമിലുണ്ടായിരിന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ആവേഷിന് ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം പോവേണ്ടിവന്നു. യുവതാരങ്ങളടങ്ങിയ ഇന്ത്യ ശ്രീലങ്കയില്‍ പരമ്പര നേടിയാല്‍ പോലും അത്ഭുതപ്പെടാനില്ല.'' പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ യുവ താരങ്ങളുടെയെല്ലാം ആത്മവിശ്വാസത്തിന്റെ അളവ് പണ്ടത്തേക്കാള്‍ അഞ്ചിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ യുവ താരങ്ങളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.

click me!