
ജയ്പൂര്‍: ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട തീയതി ഈ മാസം 15 ആണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ടീം വിടാന്‍ താല്‍പര്യം അറിയിച്ച നായകന്‍ സഞ്ജു സാംസണെ കൈവിട്ട് പകരം മറ്റൊരു ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനില്‍ നിന്ന് സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പകരം കൈമാറേണ്ട താരങ്ങളുടെ കാര്യത്തില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് ഇത് അലസിയിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇപ്പോള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ രാജസ്ഥാന് നല്‍കി പകരം സഞ്ജുവിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സാധ്യമായാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലി താരകൈമാറ്റങ്ങളിലൊന്നാകും അതെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്‍റെ മുന്‍ ടീം കൂടിയാണ് ഡല്‍ഹി. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന് വിലക്ക് നേരിട്ട 2016, 2017 സീസണുകളിലാണ് സഞ്ജു ഡല്‍ഹി കുപ്പായത്തില്‍ കളിച്ചത്.
കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം പല മത്സരങ്ങളിലും പുറത്തിരുന്ന സഞ്ജുവിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. എന്നാല്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ സീസണില്‍ 14 കോടി രൂപക്ക് ഡല്‍ഹിയിലെത്തിയ രാഹുല്‍ 13 മത്സരങ്ങളില്‍ 539 റണ്‍സടിച്ച് തിളങ്ങി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുമ്പ് 18 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജുവിനെ സ്വന്തമാക്കാന്‍ ഡല്‍ഹി രാഹുലിനൊപ്പം മറ്റൊരു താരത്തെ രാജസ്ഥാന് കൈമാറുകയോ ബാക്കി തുക പണമായി നല്‍കുകയോ ചെയ്യേണ്ടിവരും. റിഷഭ് പന്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് പോയതോടെ കഴിഞ്ഞ സീസണില്‍ അക്സര്‍ പട്ടേലാണ് ഡല്‍ഹിയെ നയിച്ചത്. 14 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങള്‍ ജയിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹിക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായിരുന്നില്ല.
മലയാളി താരം കരുണ്‍ നായരും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും ട്രിസ്റ്റൻ സ്റ്റബ്സും അടങ്ങുന്ന ഡല്‍ഹി ബാറ്റിംഗ് നിരയില്‍ സഞ്ജു കൂടി എത്തുന്നതോടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ടീം മാനേജ്മെന്‍റ് കരുതുന്നത്. ഹേമങ് ബദാനിയാണ് ഡല്‍ഹിയുടെ പരിശീലകന്‍. അതേസമയം സഞ്ജുവിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ പരിശീലകന്‍ അഭിഷേക് നായര്‍ക്കും സഞ്ജുവിനെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ താല്‍പര്യമുണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!