നിറത്തിന്റെ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയ അധിക്ഷേപമാണെന്ന് ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Jun 9, 2020, 8:53 PM IST
Highlights

വംശീയ അധിക്ഷേപങ്ങള്‍ നിറത്തിന്റെ പേരില്‍ മാത്രമല്ലയുള്ളത്, വേറെ മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ ഒരു സമൂഹത്തിനിടയില്‍ വീട് വാങ്ങാന്‍ പോലും കഴിയാത്തതും വംശീയ അധിക്ഷേപമായി കണക്കാക്കണമെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ബറോഡ: വംശീയതക്കെതിരായ പ്രതിഷേധം ലോകമെങ്ങും അലയടിക്കെ ക്രിക്കറ്റിലെ വിംശീയ വിദ്വേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കൂടുതല്‍ താരങ്ങള്‍. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ കാലു എന്ന് സഹതാരങ്ങള്‍ കളിയാക്കി വിളിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ഡാരന്‍ സമി രംഗത്തുവന്നതിന് പിന്നാലെ വിശ്വാസത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെയും വംശീയ അധിക്ഷേപമായി കണക്കാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പത്താന്റെ പ്രതികരണം.

വംശീയ അധിക്ഷേപങ്ങള്‍ നിറത്തിന്റെ പേരില്‍ മാത്രമല്ലയുള്ളത്, വേറെ മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ ഒരു സമൂഹത്തില്‍ വീട് വാങ്ങാന്‍ പോലും കഴിയാത്തതും വംശീയ അധിക്ഷേപമായി കണക്കാക്കണമെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

Racism is not restricted to the colour of the skin.Not allowing to buy a home in a society just because u have a different faith is a part of racism too...

— Irfan Pathan (@IrfanPathan)

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് കറുത്ത നിറത്തിന്റെ പേരില്‍ തന്നെ ടീം അംഗങ്ങള്‍ കാലു(കറുത്തവന്‍) എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചിരുന്നുവെന്ന് സമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്നായിരുന്നു ഡാരന്‍ സമിയുടെ വെളിപ്പെടുത്തല്‍.

തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു. എന്നാല്‍ ആരൊക്കെയാണ് അങ്ങനെ വിളിച്ചിരുന്നതെന്ന് സമി വ്യക്തമാക്കിയിരുന്നില്ല.


തന്നെ കാലു എന്ന് വിളിച്ച് അധിക്ഷേപിച്ചവരെല്ലാം തന്നെ ബന്ധപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ ഇവരുടെ പേരുകള്‍ പരസ്യമാക്കുമെന്നും കഴിഞ്ഞ ദിവസം സമി വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം വിഡിയോക്ക് ഒപ്പമുള്ള കുറിപ്പിലാണ് സമി തന്നെ അധിക്ഷേപിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സണ്‍റൈസേഴ്സില്‍ കളിക്കുന്ന കാലത്ത് സമി വംശീയ അധിക്ഷേപം നേരിട്ടതായി അറിയില്ലെന്നായിരുന്നു സണ്‍റൈസേഴ്സില്‍ സമിയുടെ സഹതാരമായിരുന്ന ഇര്‍ഫാന്റെ പ്രതികരണം.

അത്തരമൊരു സംഭവമുണ്ടായിരുന്നുവെങ്കില്‍ ടീം മീറ്റിംഗില്‍ അതെന്തായാലും ചര്‍ച്ചക്ക് വരുമായിരുന്നുവെന്നും ഇര്‍ഫാന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.തനിക്ക് അത്തരമൊരു കാര്യത്തെക്കുറിച്ച് അറിവില്ലെന്നും ആരോപണങ്ങളുടെ ഉത്തരവാദിത്തം സമിക്ക് തന്നെയാണെന്നും പത്താന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ ക്രിസ് ഗെയ്‌ലും ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്ന ദൊഡ്ഡ ഗണേഷും അഭിനവ് മുകുന്ദുമെല്ലാം നേരത്തെ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെത്തുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസത്തിന്റെ പേരിലുള്ള വിവേചനവും വംശീയ അധിക്ഷേപമാണെന്ന് പത്താന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

click me!