
റായ്പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഇന്ത്യൻ ഇന്നിംഗ്സിനൊടുവിലെ രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്കാണെന്ന് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. 27 പന്ത് നേരിട്ട ജഡേജ 24 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കമന്‍ററിക്കിടെ തന്നെ ജഡേജയുടെ മെല്ലെപ്പോക്ക് ഇന്ത്യക്ക് പണിയാവുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നെന്നും ഇര്‍ഫാന്‍ പത്താന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഇന്നിംഗ്സിനൊടുവിലെ ജഡേജയുടെ മെല്ലെപ്പോക്കാണെന്ന് മനസിലാവും. ടീം 300 കടന്നിരിക്കെ മറ്റ് താരങ്ങളെല്ലാം 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ജഡേജ 88 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തത്. ജഡേജയുടെ ഇന്നിംഗ്സിന് ഗതിവേഗമില്ലായിരുന്നുവെന്ന് വ്യക്തമാണ്. ചിലപ്പോഴൊക്കെ ഇത്തരം ഇന്നിംഗ്സുകള്‍ ആര്‍ക്കും സംഭവിക്കാം. പക്ഷെ ജഡേജയുടെ ഭാഗത്തുനിന്ന് റണ്ണടിക്കാനുള്ള ത്വരപോലുമില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അത് നിരാശപ്പെടുത്തുന്നതാണെന്നും പത്താന്‍ പറഞ്ഞു. പന്ത് നനഞ്ഞാല്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ബുദ്ധിമുട്ടാവുമെന്ന് വ്യക്തമായിരുന്നു.അതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക കരുതലോടെ തുടങ്ങിയത്. അത് മനസിലാക്കി പരമാവധി സ്കോര്‍ ചെയ്യാനായിരുന്നു ജഡേജ ശ്രമിക്കേണ്ടിയിരുന്നതെന്നും പത്താന്‍ പറഞ്ഞു.
അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിട്ടും 27 പന്തില്‍ 24 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്. ഒരു സിക്സ് പോലും നേടാന്‍ ജഡേജക്കായില്ല. റുതുരാജ് ഗെയ്ക്‌വാദും വിരാട് കോലിയും സെഞ്ചുറി നേടുകയും കെ എല്‍ അര്‍ധെസെഞ്ചുറി നേടുകയും ചെയ്തതോടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സടിച്ചെങ്കിലും 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ഏഴോവര്‍ പന്തെറിഞ്ഞ ജഡേജക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക