ഫാബുലസ് ഫൈവിനോളം വരില്ല കോലിപ്പട; വാഴ്‌ത്തുപ്പാട്ടുകള്‍ തള്ളി വോണ്‍, മൂന്ന് താരങ്ങള്‍ക്ക് പ്രശംസ

By Web TeamFirst Published Sep 13, 2021, 12:05 PM IST
Highlights

സമീപകാലത്ത് എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുക്കുന്നത്. ഇതോടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേത് എന്ന് പലരും വാഴ്‌ത്തിയിരുന്നു. 

സിഡ്‌നി: സമീപകാല പ്രകടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. ഇതില്‍ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനും പ്രശംസകളേറെ. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് നിരയാണോ ഇപ്പോഴത്തേത്? അല്ല എന്നാണ് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ പ്രതികരണം. 

'എല്ലാ ഫോര്‍മാറ്റിലെയും മികച്ചവന്‍ അല്ലെങ്കിലും വിരാട് കോലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ്. എന്നാല്‍ വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരോളം ശക്തമല്ല നിലവിലെ ഇന്ത്യയുടെ ബാറ്റിംഗ് നിര. ഇപ്പോഴുള്ളതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിംഗ് സംഘമാണ് എന്ന് പറയാനാകുമെന്ന് തോന്നുന്നില്ല' എന്നും വോണ്‍ പറഞ്ഞു.

രോഹിത്തിനും റിഷഭിനും പ്രശംസ

അതേസമയം കോലിക്ക് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനേയും ഷെയ്‌ന്‍ വോണ്‍ പ്രശംസിച്ചു. 'വിരാട് കോലിയും രോഹിത് ശര്‍മ്മയും വിസ്‌മയ താരങ്ങളാണ്. റിഷഭ് പന്ത് ഒരു സൂപ്പര്‍താരമായി മാറും. എന്നാല്‍ ഇന്ത്യക്ക് പുറത്ത് എല്ലാ കണ്ടീഷനിലും വിജയിക്കാന്‍ ടീമിനെ പ്രാപ്‌തരാക്കിയത് ഇന്ത്യയുടെ പേസ് ബൗളിംഗ് നിരയാണ് എന്ന് തോന്നുന്നതായും' ഇതിഹാസ സ്‌പിന്നര്‍ സ്‌കൈ സ്‌പോര്‍ട്‌സിനോട് കൂട്ടിച്ചേര്‍ത്തു. 

സമീപകാലത്ത് എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുക്കുന്നത്. ഒടുവിലത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ അവസാന ടെസ്റ്റ് ഉപേക്ഷിച്ചെങ്കിലും പരമ്പരയില്‍ 2-1ന് ലീഡ് ചെയ്‌തിരുന്നു വിരാട് കോലി നയിക്കുന്ന ടീം. ഇംഗ്ലണ്ടിന് മുമ്പ് ഓസീസ് പര്യടനത്തില്‍ ചരിത്രജയം നേടാനും ടീം ഇന്ത്യക്കായി. ഇതോടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണ് ഇപ്പോഴത്തേത് എന്ന് പലരും വാഴ്‌ത്തിയിരുന്നു. 

കോലിയും രോഹിത്തും രാഹുലും റിഷഭും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയ്‌ക്കും കനത്ത പ്രശംസയാണ് ലഭിക്കുന്നത്. ഇംഗ്ലണ്ടില്‍ പൊരുതിയ വാലറ്റത്തിന്‍റെ ബാറ്റിംഗിനും കയ്യടി കിട്ടി. 

കോലി ഒഴിയുന്നു; ടി20 ലോകകപ്പിന് ശേഷം രോഹിത് വൈറ്റ് ബോള്‍ നായകന്‍- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!