
റാഞ്ചി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീം വിട്ട ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് വീണ്ടും വിട്ടു നിന്നു. ഇന്ന് മണിപ്പൂരിനെതിരായ രഞ്ജി മത്സരത്തില്‍ ജാര്‍ഖണ്ഡിനായി കിഷന്‍ കളിക്കാനിറങ്ങുമെന്ന ആരാധകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. കിഷന്‍ ഇല്ലാതെ ഇറങ്ങിയ ജാര്‍ഖണ്ഡ് മണിപ്പൂരിനെ ആദ്യ ദിനം 170 റണ്‍സിന് എറിഞ്ഞിട്ടു. ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ജാര്‍ഖണ്ഡ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സുമാി ഉത്കര്‍ഷ് സിംഗും 12 റണ്‍സോടെ വി വിശാലുമാണ് ക്രീസില്‍. 30 റണ്‍സെടുത്ത ആര്യമാന്‍ സിംഗാണ് പുറത്തായത്.
തുടര്‍ച്ചയായ അഞ്ചാം രഞ്ജി മത്സരത്തിലാണ് ഇഷാന്‍ കിഷന്‍ വിട്ടു നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന കിഷന്‍ അപ്രതീക്ഷിതമായി വിശ്രമം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ടീം വിടുകയായിരുന്നു. ഇതോടെ സെലക്ടര്‍മാര്‍ക്ക് രണ്ടാം വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കേണ്ടിവന്നു. വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷന്‍ നേരെ ദുബായിയില്‍ സഹോദരന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനും സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനും പോയത് ടീം മാനേജെമെന്‍റിനെ ചൊടിപ്പിച്ചിരുന്നു.
പിന്നീട് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് കിഷനെ പരിഗണിച്ചതുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ കിഷന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയെങ്കിലും കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ തയാറായില്ല. കിഷനെ ബന്ധപ്പെടാനാവുന്നില്ലെന്നായിരുന്നു ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയത്. കിഷന്‍ എവിടെയാണെന്ന് അറിയില്ലെന്നും സഹതാരങ്ങള്‍ക്ക് പോലും ബന്ധപ്പെടാനാവുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അവന്‍ കാത്തു നില്‍പ്പുണ്ടെന്ന കാര്യം മറക്കരുത്, ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി
എന്നാല്‍ ഇഥിനിടെ കിഷന്‍ മുംബൈ ഇന്ത്യൻസിലെ സഹതാരം ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ വീഡിയോകളും പുറത്തുവന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില് സജീവമാണെങ്കിലും കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തത് സെലക്ടര്‍മാരെയും ചൊടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു കിഷന്‍ അടിക്കുറിപ്്പ് നല്‍കിയത്. കിഷന്‍ ആഭ്യന്തര ക്രിക്കറ്റിനോട് നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ടി20 ലോകകപ്പ് ടീമിലേക്കും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക