അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാത്ത ഗില്ലിന് 18.81 ശരാശരിയില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. യുവതാരങ്ങള്‍ കിട്ടുന്ന അവസരങ്ങളില്‍ കഴിവു തെളിയിക്കണമെന്നും രഞ്ജി ട്രോഫിയില്‍ ചേതേശ്വര്‍ പൂജാര റണ്‍സടിച്ചു കൂട്ടുന്നുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടേത് യുവനിരയാണ്. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കാവണം. പൂജാര അവിടെ കാത്തു നില്‍ക്കുന്ന കാര്യം നിങ്ങളാരും മറക്കരുത്. രഞ്ജി ട്രോഫിയില്‍ അവനിപ്പോള്‍ റണ്‍സടിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്. അവന്‍ സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് പുറത്തായിട്ടില്ലെന്നും ശാസ്ത്രി മത്സരത്തിനിടെ പറഞ്ഞു.

അവസാനം കളിച്ച 11 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാത്ത ഗില്ലിന് 18.81 ശരാശരിയില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയും രാഹുലും തിരിച്ചെത്തിയാല്‍ ഇന്ന് അരങ്ങേറിയ രജത് പാടിദാറിന് പകരം ശുഭ്മാന്‍ ഗില്ലായിരിക്കും പ്ലേയംഗ് ഇലവനില്‍ നിന്ന് പുറത്തുപോകുക എന്നാണ് സൂചന.

വന്ന് വന്ന് സ്പിന്നര്‍മാര്‍ വരെ ബൗണ്‍സര്‍ എറിയുകയാണല്ലോ ദൈവമേ, ശ്രേയസിനെതിരെ റൂട്ട് എറിഞ്ഞ ഷോര്‍ട്ട് ബോൾ കാണാം

കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ഡബിള് സെഞ്ചുറി ഉള്‍പ്പെടെ 89.66 ശരാശരിയില്‍ 538 റണ്‍സടിച്ചിട്ടുണ്ട്.

ആദ്യ ടെസ്റ്റിനിറങ്ങിയ പാടിദാര്‍ 32 റണ്‍സെടുത്ത് പുറത്തായിരുന്നു. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്. 179 റണ്‍സുമായി യശസ്വി ജയ്‌സ്വാളും അഞ്ച് റണ്‍സോടെ ആര്‍ അശ്വിനും ക്രീസില്‍. ഗില്ലിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(14), ശ്രേയസ് അയ്യര്‍(27), രജത് പാടിദാര്‍(32), അക്സര്‍ പട്ടേല്‍(27), ശ്രീകര്‍ ഭരത്(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക