
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അതിവേഗ അര്‍ധ സെഞ്ചുറിക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. പന്തിന്റെ നിര്‍ദേശം ഗുണം ചെയ്തുവെന്നായിരുന്നു കിഷന്‍ തുറന്ന് പറഞ്ഞത്. അണ്ടര്‍ 19 തലം മുതല്‍ റിഷഭുമായി സൗഹൃദത്തിലാണെന്നും പരസ്പരം ആഴത്തിലറിയാമെന്നും കിഷന്‍ ഇന്നിംഗ്‌സിന് ശേഷം വ്യക്തമാക്കിയിരുന്നു.
കിഷന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''വെസ്റ്റ് ഇന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. റിഷഭ് പന്തും അവിടെയുണ്ടായിരുന്നു. ഞാന്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് അവന് നന്നായി അറിയാം. അണ്ടര്‍ 19 കളിക്കുന്നത് മുതലുള്ള പരിചയമാണത്. എന്‍സിഎയില്‍ ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ പന്ത് അവിടെയുണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു.'' കിഷന്‍ പറഞ്ഞു.
ആദ്യ ഇന്നിംഗ്‌സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം 34 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. മറ്റൊരു രസകരമായ കാര്യം കിഷന്‍ ഉപയോഗിച്ചിരുന്നത്, റിഷഭ് പന്തിന്റെ ബാറ്റായിരുന്നു. RP 17 എന്ന് ബാറ്റില്‍ എഴുതിയിരുന്നു. 17 എന്നത് പന്തിന്റെ ജഴ്‌സി നമ്പറായിരുന്നു. എന്തായാലും ആരോധകര്‍ ഇരുവരേയും വച്ച് ആരാധകര്‍ ആഘോഷിക്കുകയാണ്. ചില ട്വീറ്റുകള്‍ വായിക്കാം...
രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിഷന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. സിക്‌സോടെ കിഷന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ തന്നെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് കിഷന്‍. വിരാട് കോലി തന്റെ സ്ഥാനം ഒഴിഞ്ഞുതരികയായിരുന്നുവെന്ന് കിഷന്‍ വ്യക്തമാക്കി.