
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി നേടാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം 34 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിഷന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. സിക്‌സോടെ കിഷന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്യുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് റിഷഭ് പന്ത് ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് കിഷന്‍ ടീമിലെത്തിയത്. കെ എസ് ഭരതിന്റെ ഫോമില്ലായ്മയും കിഷന് തുണയായി. എന്തായാലും അവസരം കിഷന്‍ നന്നായി മുതലെടുത്തു. നാലാം ദിവസം അവസാനിച്ചതിന് ശേഷം കിഷന്‍ റിഷഭിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിങ്ങനെ... ''വെസ്റ്റ് ഇന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. റിഷഭ് പന്തും അവിടെയുണ്ടായിരുന്നു. ഞാന്‍ എങ്ങനെയാണ് കളിക്കുന്നതെന്ന് അവന് നന്നായി അറിയാം. അണ്ടര്‍ 19 കളിക്കുന്നത് മുതലുള്ള പരിചയമാണത്. എന്‍സിഎയില്‍ ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ പന്ത് അവിടെയുണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് പന്ത് സംസാരിച്ചു.'' കിഷന്‍ പറഞ്ഞു.
അതേസമയം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ് (20) എന്നിവരാണ് ക്രീസില്‍. വിന്‍ഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആര്‍ അശ്വിനാണ്.
നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിംഗ്സ് രണ്ടിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. കിഷന് പുറമെ രോഹിത് ശര്‍മ (44 പന്തില്‍ 57) തിളങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 183 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഒന്നാകെ 364 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ 438ന് പുറത്തായ ഇന്ത്യ ആതിഥേയരെ 255ന് മടക്കിയിരുന്നു. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം