
ബെംഗളൂരു: ഐപിഎല്‍ 2026 പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി. പരിക്കേറ്റ ഇടംകയ്യന്‍ ബാറ്റര്‍ ജേക്കബ് ബെഥേല്‍ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. കഴിഞ്ഞ വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആര്‍സിബിയുടെ അവസാന ലീഗ് മത്സരം ബെഥേലിന് നഷ്ടമായിരുന്നു. താരം കൂടുതല്‍ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ആര്‍സിബിക്ക് നിര്‍ണായക സമയത്താണ് ഈ തിരിച്ചടി.
അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനോട് വന്‍ തോല്‍വി വഴങ്ങിയെങ്കിലും, രജത് പടിദാറിന്റെ നേതൃത്വത്തിലുള്ള ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലെത്തിയത്. പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതാരമായ ബെഥേലിന്റെ വിരലിന് പരിക്കേറ്റത്. ''പഞ്ചാബ് കിംഗ്സുമായുള്ള മത്സരത്തിനിടെ ജേക്കബ് ബെഥേലിന്റെ ഇടത് മോതിരവിരലിന് പരിക്കേറ്റിരുന്നു. വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം, ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തുടര്‍ചികിത്സകള്‍ക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങും.'' പ്രസ്താവനയില്‍ ആര്‍സിബി വ്യക്തമാക്കി.
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കളിക്കാരനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍സിബി മാനേജ്മെന്റുമായി ധാരണയിലെത്തിയതായി ഇസിബി അറിയിച്ചു. ജൂണ്‍ 4ന് ലോര്‍ഡ്സില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പില്‍ ബെഥേലിനെ പരിഗണിക്കാന്‍ സാധിക്കുമോ എന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ സംഘം വിലയിരുത്തും.
ഒന്നാം പ്ലേഓഫ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ആര്‍സിബിക്ക്, ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ തിരിച്ചുവരവ് വലിയ ആശ്വാസമാകും. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം നേരിട്ട് പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യര്‍ ആണ് ഓപ്പണറായി ഇറങ്ങിയിരുന്നത്. 19 പന്തില്‍ നിന്ന് 44 റണ്‍സ് നേടി അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, സാള്‍ട്ട് തിരിച്ചെത്തുന്നതോടെ വെങ്കിടേഷ് അയ്യര്‍ മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!