'കേരളത്തിന്‍റെ സക്‌സേന' ഇന്ത്യ എയുടെ കരുതല്‍ താരം

By Web TeamFirst Published Sep 8, 2019, 8:57 PM IST
Highlights

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ കൃഷ്‌ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയ്‌ക്കാണ് സക്‌സേനയെ ഉള്‍പ്പെടുത്തിയത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുള്ള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ ഇന്ത്യ എ കരുതല്‍ താരമായി ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ കൃഷ്‌ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയ്‌ക്കാണ് സക്‌സേനയെ ഉള്‍പ്പെടുത്തിയത്. ഗൗതം ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. 

കേരളത്തിനായി അതിഥി താരമായിറങ്ങി മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് ജലജ് സക്‌സേന. ആഭ്യന്തര ക്രിക്കറ്റില്‍ 2014-15, 2015-16, 2017-18 സീസണുകളില്‍ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്‌കാരം സക്‌സേനക്കായിരുന്നു. എന്നാല്‍ ഇന്ത്യ എ ടീമില്‍ കാര്യമായ അവസരങ്ങള്‍ സക്‌സേനക്ക് ലഭിച്ചില്ല. അടുത്തിടെ അവസാനിച്ച വിന്‍ഡീസ് പര്യടനത്തിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ദുലീപ് ട്രോഫിക്കിടെ ആഭ്യന്തര ക്രിക്കറ്റിലെ ഒരു അത്യപൂര്‍വ റെക്കോര്‍ഡിന് സക്‌സേന അര്‍ഹനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും നേടുന്ന ദേശീയ കുപ്പായമണിയാത്ത ആദ്യ താരമായാണ് സക്‌സേന മാറിയത്. 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 6044 റണ്‍സും 305 വിക്കറ്റും സക്‌സേനയുടെ പേരിലുണ്ട്. 

click me!