ടെസ്റ്റില്‍ കോലിയെ പുറത്താക്കിയത് ഏഴ് തവണ; എലൈറ്റ് പട്ടികയില്‍ ആന്‍ഡേഴ്‌സണും

By Web TeamFirst Published Aug 25, 2021, 8:15 PM IST
Highlights

ലീഡ്‌സില്‍ കോലിയെ മടക്കിയതോടെ ടെസ്റ്റില്‍ മാത്രം ഏഴ് തവണ പുറത്താക്കാന്‍ ആന്‍ഡേഴ്‌സണായി. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ആന്‍ഡേഴ്‌സണിനൊപ്പമുണ്ട്.
 

ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഏറ്റവും കൂടതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത് ഇനി ജയിംസ് ആന്‍ഡേഴ്‌സണും. ലീഡ്‌സ് കോലിയെ മടക്കിയതോടെ ടെസ്റ്റില്‍ മാത്രം ഏഴ് തവണ പുറത്താക്കാന്‍ ആന്‍ഡേഴ്‌സണായി. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണും ആന്‍ഡേഴ്‌സണിനൊപ്പമുണ്ട്. ലിയോണും ഏഴ് തവണ കോലിയെ മടക്കി.

കോലിക്കെതിരെ ആന്‍ഡേഴ്‌സണ്‍ 23 ടെസ്റ്റുകള്‍ കളിച്ചു. എന്നാല്‍ ലിയോണ്‍ 18 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അഞ്ച് തവണ വീതം പുറത്താക്കിയ ഇംഗ്ലീഷ് താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇരുവര്‍ക്കും തൊട്ടുപിന്നില്‍. ബ്രോഡ് 18 മത്സരങ്ങളെടുത്തപ്പോള്‍ സ്‌റ്റോക്‌സും അലിയും 15 വീതം മത്സരങ്ങളില്‍ നിന്നാണ് കോലിയെ അഞ്ച് തവണ മടക്കിയത്.
 
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റെടുത്താല്‍ 10 തവണ കോലി ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങി. മൂന്ന് തവണ ഏകദിനത്തിലായിരുന്നു. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട് ആന്‍ഡേഴ്‌സണിനൊപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ തന്നെ മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഇരുവരും ഒമ്പത് തവണ കോലിയെ മടക്കി.

ഇംഗ്ലണ്ടിന്റെ തന്നെ ബെന്‍ സ്‌റ്റോക്‌സ്, ഗ്രയിം സ്വാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എട്ട് തവണ ഇരുവരും കോലിയുടെ പ്രതിരോധം തകര്‍ത്തു.

ലീഡ്‌സില്‍ കോലിക്ക് ഏഴ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുന്‍നിര താരങ്ങള്‍ പാടേ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 78 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സണാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

click me!