ഇംഗ്ലീഷ് പേസര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, ലീഡ്‌സ് ടെസ്റ്റില്‍ 78ന് പുറത്ത്

By Web TeamFirst Published Aug 25, 2021, 7:38 PM IST
Highlights

16 റണ്‍സ് എക്‌സ്ട്രായിനത്തില്‍ കിട്ടിയതാണ്. മൂന്ന് വിക്കറ്റ് വീതം നേടി മുന്‍നിര തകര്‍ത്ത ജയിംസ് ആന്‍ഡേഴ്‌സണാണ് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് എളുപ്പമാക്കിയത്.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ടോസ് നേടി ബാറ്റിം്ഗിന് ഇറങ്ങിയ ഇന്ത്യ 78 റണ്‍സിന് പുറത്തായി. 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18)യാണ് രണ്ടക്കം മറ്റൊരു ബാറ്റ്‌സ്മാന്‍. 16 റണ്‍സ് എക്‌സ്ട്രായിനത്തില്‍ കിട്ടിയതാണ്. മൂന്ന് വിക്കറ്റ് വീതം നേടി മുന്‍നിര തകര്‍ത്ത ജയിംസ് ആന്‍ഡേഴ്‌സണാണ് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് എളുപ്പമാക്കിയത്. ക്രെയ്ഗ് ഓവര്‍ടണിനും മൂന്ന് വിക്കറ്റുണ്ട്. ഒല്ലി റോബിന്‍സ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.  

ആന്‍ഡേഴ്‌സണ്‍ നല്‍കിയ തുടക്കം

പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ചു. മത്സരത്തിലെ അഞ്ചാം പന്തില്‍ മികച്ച ഫോമിലുള്ള രാഹുല്‍ പുറത്ത്. ആന്‍ഡേഴ്‌സണിന്റെ ഇന്‍സ്വിങര്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും മടങ്ങി. ഇത്തവണ ഒരു ഔട്ട് സ്വിങര്‍ പൂജാരയുടെ ബാറ്റിലുരസി ബട്‌ലറുടെ കയ്യിലെത്തി. 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. ആന്‍ഡേഴ്‌സണിനെതിരെ ഷോട്ട് കളിക്കാനുള്ള ശ്രമം ബട്‌ലറുടെ കൈകളില്‍ തന്നെ ഒതുങ്ങി. 

വീണ്ടും നിരാശപ്പെടുത്തി രഹാനെ 

മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹനെ- രോഹിത് സഖ്യം ബാറ്റ് വീശിയിരുന്നത്. രോഹിത്തിന് 15 റണ്‍സെടുക്കാന്‍ 75  പന്തുകള്‍ വേണ്ടിവന്നു. മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചതേയില്ല. ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. രഹാനെയും ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചാണ് തുടങ്ങിയത്. രണ്ട് ബൗണ്ടറികള്‍ നേടുകയും ചെയ്തു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് വിക്കറ്റ് സമ്മാനിച്ച് പവലിയനില്‍ തിരിച്ചെത്തി. ഒല്ലി റോബിന്‍സണിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്. ബട്‌ലറുടെ നാലാം ക്യാച്ചായിരുന്നു അത്.

കൂട്ടത്തകര്‍ച്ച

രഹാനെ മടങ്ങുമ്പോള്‍ നാലിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം 22 റണ്‍സിനാണ് ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്. ലഞ്ചിന് ശേഷം ആദ്യം മടങ്ങിയത് റിഷഭ് പന്തായിരുന്നു. രണ്ട് റണ്‍സ് മാത്രമായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. പിന്നാലെ രവീന്ദ്ര ജഡേജ ക്രീസിലേക്ക്. നന്നായി പ്രതിരോധിച്ചാണ് താരം തുടങ്ങിയത്. രോഹിത്തുമൊത്ത് കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രോഹിത് ഓവര്‍ടണിന് വിക്കറ്റ് നല്‍കി. ഒരു വൈഡ് ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമം പാളിപോയി. ഷോര്‍ട്ട് മിഡ് ഓണില്‍ റോബിന്‍സണിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയും (0) പുറത്ത്. അടുത്ത ഓവറില്‍ ജഡേജ (4) കറന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അടുത്ത പന്തില്‍ ജസ്പ്രിത് ബുമ്രയും അതേ രീതിയില്‍ പുറത്തായി. അവസാനം മുഹമ്മദ് സിറാജ് (3) സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി. 

ഇന്ത്യ ടീം നിലനിര്‍ത്തി

നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ അതേപടി ലീഡ്‌സിലും നിലനിര്‍ത്തുകയായിരുന്നു. കോലി ക്യാപ്റ്റനായിരിക്കുമ്പോള്‍ മുമ്പ് മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. 64 ടെസ്റ്റുകളില്‍ കോലി കോലി ഇന്ത്യയുടെ ക്യാപ്റ്റനായി. എന്നാല്‍ അതില്‍ 60 തവണയും ഓരോ മാറ്റം വരുത്തിയാണ് കോലി ടീമിനെ ഇറക്കിയിട്ടുള്ളത്. 

ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം

ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ പുറത്തായി. ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരാണ് പകരക്കാര്‍. വുഡിന് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു.

ടീമുകള്‍

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്,  രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ,  ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ,  ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.

click me!