
ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് (Jasprit Bumrah) നേട്ടം. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ബുമ്ര ആദ്യ പത്തില്‍ തിരിച്ചെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ (Kagiso Rabda) ആറാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക- ഇന്ത്യ ആദ്യ ടെസ്റ്റിലെ പ്രകടമാണ് ഇരുവര്‍ക്കും തുണയായി.
സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബുമ്ര രണ്ട് ഇന്നിംഗ്‌സിലുമായി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എട്ട് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും (Mohammed Shami) നേട്ടമുണ്ടാക്കി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷമി 17-ാം റാങ്കിലെത്തി. സെഞ്ചൂറിയനില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് റബാദയ്ക്ക് തുണയായത്. എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്ന ലുങ്കി എന്‍ഗിഡി 16 മത്സരങ്ങള്‍ മെച്ചപ്പെടുത്തി 30-ാം സ്ഥാനത്തെത്തി.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആര്‍ അശ്വിന്‍, ഷഹീന്‍ അഫ്രീദി, ടിം സൗത്തി, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് അഞ്ചുവരെയുളള സ്ഥാനങ്ങളില്‍. റബാദ ഒരുസ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ ജോഷ് ഹേസല്‍വുഡ് ഏഴാം സ്ഥാനത്തേക്കിറങ്ങി. നീല്‍ വാഗ്നറാണ് എട്ടാമത്. മിച്ചല്‍ സ്റ്റാര്‍ക്ക് പത്താമതുണ്ട്.
ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ കെ എല്‍ രാഹുല്‍ സ്ഥാനം മെച്ചപ്പെടുത്തി. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയാണ് താരത്തിന് തുണയായത്. മായങ്ക് അഗര്‍വാള്‍ 11-ാം സ്ഥാനത്തുണ്ട്.
രണ്ട് സ്ഥാനം നഷ്ടമായ വിരാട് കോലി ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. കോലിക്ക് പുറമെ രോഹിത് ശര്‍മ (5)യാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. റിഷഭ് പന്ത് (16), ചേതേശ്വര്‍ പൂജാര (22), അജിന്‍ക്യ രഹാനെ (25) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ റാങ്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!