INDvSA : ആദ്യ ടെസ്റ്റ് തന്നെ ധാരാളം! കരിയറിലെ വലിയ നാഴികക്കല്ലിനരികെ ജസ്പ്രിത് ബുമ്രയും മുഹമ്മദ് ഷമിയും

By Web TeamFirst Published Dec 24, 2021, 4:12 PM IST
Highlights

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരും ഇടം നേടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നത്. മൂന്ന് ടെസ്റ്റുകകള്‍ കഴിയുമ്പോല്‍ ഇരുവരും ചില റെക്കോഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.

സെഞ്ചൂറിയന്‍: ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും (Mohammed Shami) ജസ്പ്രീത് ബുമ്രയും (Jasprit Bumrah) ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ടി20 ലോകകപ്പിലാണ് ഇരുവരും അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരും ഇടം നേടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നത്. മൂന്ന് ടെസ്റ്റുകകള്‍ കഴിയുമ്പോല്‍ ഇരുവരും ചില റെക്കോഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.

ബുമ്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. 2018ലെ പരമ്പരയിലായിരുന്നു ഇത്. അരങ്ങേറ്റ ടെസ്റ്റുള്‍പ്പെടെ ഇന്ത്യക്കായി 24 ടെസ്റ്റുകളാണ് ബുമ്ര കളിച്ചത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യയില്‍. ബാക്കിയെല്ലാം വിദേശ ടെസ്റ്റുകളായിരുന്നു. 101 വിക്കറ്റുകളും വീഴ്ത്തി. 22 വിദേശ ടെസ്റ്റുകളില്‍ 97 വിക്കറ്റുകളാണ് ബുമ്ര നേടിയത്. ഇനി മൂന്നു പേരെ കൂടി പുറത്താക്കാനായാല്‍ അദ്ദേഹത്തിനു വിദേശ മണ്ണില്‍ വിക്കറ്റുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം.

അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കാം. നിലവില്‍ 54 മത്സരത്തില്‍ നിന്ന് 195 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. 2017 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ഷമി നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മാന്ത്രിക സഖ്യയിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പേസറായി ഷമി മാറും. മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ എന്നിവരെക്കൂടാതെ നിലവില്‍ ടീമിന്റെ ഭാഗമായ ഇഷാന്ത് ശര്‍മ എന്നിവരാണ് 200 വിക്കറ്റ് നേടിയിട്ടുള്ള പേസര്‍മാര്‍.

ദക്ഷിണാഫ്രിക്കയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇരുവരും അനായാസം നേട്ടം സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. ടീമില്‍ ഇരുവര്‍ക്കും സ്ഥാനം ഉറപ്പാണ്. ഇരുവരും ഉള്‍പ്പെടെ മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും പ്ലയിംഗ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ഒരു സ്പിന്നറെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തുക. ആര്‍ അശ്വിനായിരിക്കും അവസരം തെളിയുക.

click me!