
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മികച്ച തുടക്കത്തിനുശേഷം അവസാന ഏഴോവറിലാണ് തകര്‍ന്നടിഞ്ഞത്. നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതമെടുത്ത വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ജസ്പ്രീത് ബുമ്രയുമായിരുന്നു പാകിസ്ഥാനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. അവസാന ഏഴോവറില്‍ ഏഴ് വിക്കറ്റ് നഷ്ടമായ പാകിസ്ഥാന്‍ നേടിയത് 34 റണ്‍സായിരുന്നു. കുല്‍ദീപ് യാദവ് ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത് പാക് തകര്‍ച്ചയുടെ ആക്കം കൂട്ടിയപ്പോള്‍ മുഹമ്മദ് നവാസിനെയും ഹാരിസ് റൗഫിനെയും വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് പാക് ഇന്നിംഗ്സിന് തിരശീലയിട്ടത്.
ഹാരിസ് റൗഫിനെ മനോഹരമായൊരു യോര്‍ക്കറില്‍ ബൗള്‍ഡാക്കിയ ശേഷം ബുമ്ര നല്‍കിയ ഫ്ലൈറ്റ് സെന്‍ഡ് ഓഫ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഫ്ലൈറ്റ് കൂപ്പുകുത്തുന്നതുപോലെ പാക് ബാറ്റിംഗ് തകര്‍ച്ചയെ കാണിച്ചായിരുന്നു ബുമ്രയുടെ സെന്‍ഡ് ഓഫ്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യൻ ആരാധകരെ നോക്കി കൈകള്‍ കൊണ്ട് വിവാദ ആംഗ്യം കാട്ടിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദത്തെ സൂചിപ്പിക്കാനായി ഹാരിസ് റൗഫ് കൈകൊണ്ട് വിമാനങ്ങള്‍ കൂപ്പുകുത്തുന്നതുപോലെ കാണിക്കുകയും ആറെന്ന് വിരലുകള്‍ കൊണ്ട് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തത്. ഇതിനെതിരെ ഇന്ത്യൻ ടീം നല്‍കിയ പരാതിയില്‍ ഹാരിസ് റൗഫിന് മാച്ച് റഫറി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഇന്നലെ പാക് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയ ബൗളറും ഹാരിസ് റൗഫായിരുന്നു. 3.4 ഓവറില്‍ 50 റണ്‍സാണ് ഹാരിസ് റൗഫിനെതിരെ ഇന്ത്യ നേടിയത്. 147 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 83-4 എന്ന നിലയിലായിരുന്നു. അവസാന ആറോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 64 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന ഘട്ടത്തില്‍ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ഹാരിസ് റൗഫിനെതിരെ ശിവം ദുബെയും തിലക് വര്‍മയും ചേര്‍ന്ന് രണ്ട് ഫോറും ഒരു സിക്സും അടക്കം 17 റണ്‍സടിച്ച് കളി ഇന്ത്യക്ക് അനുകൂലമാക്കി. അവസാന മൂന്നോവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിര്‍ണായക പതിനെട്ടാം ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫ് ആദ്യ അഞ്ച് പന്തുകള്‍ മികച്ച രീതിയില്‍ എറിഞ്ഞെങ്കിലും അവസാന പന്തില്‍ സിക്സ് വഴങ്ങി കളി വീണ്ടും ഇന്ത്യയുടെ കൈകളിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക