സ്മിത്തിനെ പുറത്താക്കാന്‍ കഴിയുക ഒരേയൊരു ഇന്ത്യന്‍ ബൗളര്‍ക്കെന്ന് ഡാരന്‍ ഗഫ്

By Web TeamFirst Published Sep 6, 2019, 8:23 PM IST
Highlights

100 ശതമാനം സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ഒരേയൊരു ബൗളര്‍ ബുമ്രയാണെന്ന് ഗഫ് പറഞ്ഞു. ലോക ക്രിക്കറ്റില്‍ നിലവില്‍ സമ്പൂര്‍ണ ബൗളറെന്ന് പറയാവുന്നത് ബുമ്രയെ ആണെന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കായി സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ഇംഗ്ലണ്ട് ടീം. മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ സ്മിത്ത് ആഷസില്‍ ഇതുവരെ 500 ലേറെ റണ്‍സ് സ്കോര്‍ ചെയ്ത് കഴിഞ്ഞു. പരിക്കേറ്റ് മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിച്ചിരുന്നില്ല.

സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ബൗളര്‍ ആരായിരിക്കുമെന്ന ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പോളിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ കൂടിയായ ഡാരന്‍ ഗഫ്. ഇംഗ്ലണ്ടിന്റെ ജിമ്മി ആന്‍ഡേഴ്സണ്‍, ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, കാഗിസോ റബാദ, മോണി മോര്‍ക്കല്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ, യാസിര്‍ ഷാ, രംഗണ ഹെറാത്ത് എന്നിവരുടെ ചിത്രങ്ങള്‍ നല്‍കിയാണ് ക്രിക്ക് ഇന്‍ഫോ ആരാധകരോട് സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ബൗളര്‍ ആരാണെന്ന് ചോദിച്ചത്.

ഇതിനുള്ള മറുപടിയിലാണ് ഗഫ് ജസ്പ്രീത് ബുമ്രയുടെ പേര് തെരഞ്ഞെടുത്തത്. 100 ശതമാനം സ്മിത്തിനെ പുറത്താക്കാന്‍ കഴിയുന്ന ഒരേയൊരു ബൗളര്‍ ബുമ്രയാണെന്ന് ഗഫ് പറഞ്ഞു. ലോക ക്രിക്കറ്റില്‍ നിലവില്‍ സമ്പൂര്‍ണ ബൗളറെന്ന് പറയാവുന്നത് ബുമ്രയെ ആണെന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു. 12 ടെസ്റ്റുകളില്ഡ കളിച്ച ബുമ്ര ഒരു ഹാട്രിക്ക് അടക്കം 62 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബുമ്ര തിളങ്ങിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായതിനാല്‍ ടെസ്റ്റില്‍ ബുമ്രയ്ക്കെതിരെ ഇതുവരെ സ്മിത്ത് കളിച്ചിട്ടില്ല.

click me!