12 വര്‍ഷത്തിനുശേഷം വീണ്ടും ടെസ്റ്റ് ടീമിലെത്തിയിട്ടും ഉനദ്ഘട്ടിന് ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല

Published : Dec 13, 2022, 08:40 PM IST
12 വര്‍ഷത്തിനുശേഷം വീണ്ടും ടെസ്റ്റ് ടീമിലെത്തിയിട്ടും ഉനദ്ഘട്ടിന് ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല

Synopsis

സാധാരണഗതിയില്‍ ടീമിലേക്ക് പരിഗണിക്കപ്പെടുമെന്ന് ഉറപ്പുള്ള കളിക്കാരുടെ വിസാ നടപടികള്‍ ബിസിസിഐ മുന്‍കൂറായി ചെയ്യാറുണ്ട്. എന്നാല്‍ ഉനദ്ഘട്ട് അപ്രതീക്ഷിത സെലക്ഷനായതിനാല്‍ വിസ നടപടിക്രമങ്ങള്‍ ചെയ്യാന്‍ ബിസിസിഐക്ക് സാവകാശം ലഭിച്ചില്ലെന്നാണ് സൂചന.

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ടീമിലെത്തിയ ജയദേവ് ഉനദ്ഘട്ട് നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ല. വിസ നടപടിക്രമങ്ങള്‍ വൈകിയതോടെയാണ് ഉനദ്ഘട്ടിന് ആദ്യ ടെസ്റ്റിന് മുമ്പ് ബംഗ്ലാദേശില്‍ എത്താനാവാതെ വന്നത്. ഇതോടെ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ഉനദ്ഘട്ട് കളിക്കില്ലെന്ന് ഉറപ്പായി.

സാധാരണഗതിയില്‍ ടീമിലേക്ക് പരിഗണിക്കപ്പെടുമെന്ന് ഉറപ്പുള്ള കളിക്കാരുടെ വിസാ നടപടികള്‍ ബിസിസിഐ മുന്‍കൂറായി ചെയ്യാറുണ്ട്. എന്നാല്‍ ഉനദ്ഘട്ട് അപ്രതീക്ഷിത സെലക്ഷനായതിനാല്‍ വിസ നടപടിക്രമങ്ങള്‍ ചെയ്യാന്‍ ബിസിസിഐക്ക് സാവകാശം ലഭിച്ചില്ലെന്നാണ് സൂചന. മുന്‍കൂറായി വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നില്ല. ഉനദ്ഘട്ടിന്‍റെ അഭാവത്തില്‍ നവദീപ് സെയ്നിയാവും നാളെ ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനുമൊപ്പം മൂന്നാം പേസറായി ടീമിലെത്തുക എന്നാണ് സൂചന.

സെലക്ടര്‍മാര്‍ അയാള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; ഇന്ത്യന്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് ഷമിയുടെ പകരക്കാരനായി ബംഗ്ലാദേശിനെതിരെ കളിക്കുക. 12 വര്‍ഷത്തിനുശേഷമാണ് ഉനദ്ഘട്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ഇന്ത്യക്കായി പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിഇരുന്നെങ്കില്‍ രണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താമെന്ന റെക്കോര്‍ഡ് ഉനദ്ഘട്ടിന്‍റെ പേരിലാവുമായിരുന്നു.

2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസനമായി ഇന്ത്യക്കായി ടെസ്റ്റില്‍ പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല.

കരിയറില്‍ ഇതുവരെ ഒരു ടെസ്റ്റില്‍ മാത്രമാണ് ഉനദ്ഘട്ട് ഇന്ത്യക്കായി പന്തറിഞ്ഞത്. വലം കൈയന്‍ പേസറായ മുഹമ്മദ് ഷമിക്ക് പകരം ഇടം കൈയന്‍ പേസറായ ഉനദ്ഘട്ടിനെ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നിലവിലെ ഫോം കണക്കിലെടുത്താണ് അദ്ദേഹത്തെ ടീമിലെടുത്തത് എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിച്ചത്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഘട്ട് തിളങ്ങിയിരുന്നു.

14നാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാത്തതിനാല്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിന പരമ്പര തോറ്റ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയില്‍ വിജയം നേടേണ്ടത് അനിവാര്യമാണ്.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍