
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണർ അപ്പായ കേരള ടീം തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കേരള ടീമിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ വൻ സ്വീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
സീസണിൽ ഉടനീളം കാഴ്ച വച്ച മികച്ച പ്രകടനവുമായി തലയുയർത്തി തന്നെയാണ് നാഗ്പൂരിൽ നിന്ന് കേരളത്തിൻ്റെ മടക്കം. ഫൈനലിൽ വിദർഭയോട് സമനില വഴങ്ങിയെങ്കിലും ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതോടെ കിരീടം നഷ്ടപ്പെട്ടു. ഒരു മത്സരം പോലും തോല്ക്കാതെയാണ് കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാര്‍ തുടങ്ങിയ കരുത്തന്മാർക്കെതിര വിജയവും സ്വന്തമാക്കി. സമ്മർദ്ദഘട്ടങ്ങളിൽ പൊരുതി മുന്നേറി കശ്മീരിനും ഗുജറാത്തിനുമെതിരെ അവിശ്വസനീയ പ്രകടനവുമായി ഫൈനലിലേക്ക്. ഫൈനലിലും കരുത്തരായ വിദർഭയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്.
ചില കേരള താരങ്ങളുടെ വ്യക്തിഗത മികവുകളും ഈ സീസണിൽ ശ്രദ്ധേയമായി. 12 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന് വേണ്ടി ഈ സീസണിൽ ഏറ്റവും റൺസ് നേടിയത്. തൊട്ടുപിറകിൽ രണ്ട് സെഞ്ച്വറിയടക്കം 628 റൺസുമായി സൽമാൻ നിസാറുമുണ്ട്. ബൗളിങ് നിരയിൽ 40 വിക്കറ്റുകളുമായി ജലജ് സക്സേനയും 31 വിക്കറ്റുകളുമായി ആദിത്യ സർവാതെയുമാണ് മുന്നിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!