ജൂലന്‍ ഗോസ്വാമി തലമുറയുടെ അത്ഭുതം, ഇന്‍-സ്വിങ്ങറുകളില്‍ അന്ന് ഞാന്‍ വിറച്ചു: രോഹിത് ശർമ്മ

By Web TeamFirst Published Sep 18, 2022, 7:56 PM IST
Highlights

ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തോടെ ജൂലന്‍ ഗോസ്വാമി ഐതിഹാസികമായ കരിയറിന് വിരാമമിടും എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു

മൊഹാലി: ഇന്ത്യന്‍ ഇതിഹാസ വനിതാ പേസർ ജൂലന്‍ ഗോസ്വാമിയുടെ ഇന്‍-സ്വിങ്ങറുകള്‍ തന്നെ വലച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശർമ്മ. കരിയറിലെ അവസാന പരമ്പര കളിക്കുന്ന ജൂലനെ ഹിറ്റ്മാന്‍ പ്രശംസ കൊണ്ടുമൂടി. മൊഹാലിയില്‍ ഓസ്ട്രേലിയന്‍ പുരുഷ ടീമിനെതിരായ ആദ്യ ടി20ക്ക് മുമ്പുള്ള വാർത്താസമ്മേളനത്തിലായിരുന്നു രോഹിത് ശർമ്മയുടെ വാക്കുകള്‍. 

'പരിക്കേറ്റ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലായിരിക്കുമ്പോള്‍ ജൂലന്‍ ഗോസ്വാമിയുടെ പന്തുകള്‍ നേരിട്ടിട്ടുണ്ട്. അവരുടെ ഇന്‍-സ്വിങ്ങറുകള്‍ എനിക്ക് വെല്ലുവിളിയായി. അവിടെവച്ച് ജൂലനുമായി ഏറെ സംസാരിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതിന്‍റെ അഭിനിവേശം എപ്പോഴും അവരില്‍ കണ്ടിട്ടുണ്ട്. ജൂലന് എത്ര വയസായി എന്നറിയില്ല. എന്നാലും ഈ പ്രായത്തിലും ശക്തമായി ഓടുകയും എതിരാളികളെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ജൂലന്‍റെ അത്യുത്സാഹം വ്യക്തമാക്കുന്നുണ്ട്. ജൂലന്‍ ഗോസ്വാമിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് ജൂലന്‍' എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു. 

ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തോടെ ജൂലന്‍ ഗോസ്വാമി ഐതിഹാസികമായ കരിയറിന് വിരാമമിടും എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂന്ന് ഏകദിനങ്ങളാണ് ജൂലന്‍ അടങ്ങുന്ന ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇന്ന് ആദ്യ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞ താരം രണ്ട് മെയ്ഡനടക്കം 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. സെപ്റ്റംബർ 24നാണ് ജൂലന്‍റെ കരിയറിലെ അവസാന മത്സരം. 

2002 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ 19-ാം വയസില്‍ അരങ്ങേറിയ ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്(363) നേടിയ വനിതാ താരമാണ്. ഇതില്‍ 253 വിക്കറ്റുകളും ഏകദിന ഫോര്‍മാറ്റിലായിരുന്നു.  രണ്ട് പതിറ്റാണ്ട് നീണ്ട വിസ്‌മയ കരിയറില്‍ ഇന്ത്യന്‍ വനിതാ ടീമിനായി 12 ടെസ്റ്റും 202 ഏകദിനങ്ങളും 68 ടി20കളും കളിച്ചു. 2018 ഓഗസ്റ്റില്‍ രാജ്യാന്തര ടി20യില്‍ നിന്ന് ജൂലന്‍ ഗോസ്വാമി വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. 

ഒരു യുഗം അവസാനിക്കുന്നു; വിരമിക്കല്‍ തിയതി പ്രഖ്യാപിച്ച് ജൂലന്‍ ഗോസ്വാമി

click me!