'ലോകകപ്പിനേക്കാള്‍ വലുതായിരുന്നു അച്ഛനൊപ്പമുള്ള അവസാന ദിനങ്ങള്‍'; ടീമിലില്ലാത്തതില്‍ ഖേദമില്ലെന്ന് ജിതേഷ്

Published : Mar 12, 2026, 09:19 AM IST
Jitesh Sharma

Synopsis

ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ഖേദമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജിതേഷ് ശർമ. ആ തീരുമാനം കാരണം അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞുവെന്നും ലോകകപ്പിനേക്കാൾ വലുത് അതായിരുന്നുവെന്നും താരം വെളിപ്പെടുത്തി. 

ബെംഗളൂരു: ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിന്റെ നിരാശയിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. എന്നാല്‍, ഇന്ന് ആ തീരുമാനത്തില്‍ തനിക്ക് ഒട്ടും ഖേദമില്ലെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ടീമില്‍ നിന്ന് പുറത്തായതുകൊണ്ട് മാത്രം തന്റെ അച്ഛന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്ന വലിയ തിരിച്ചറിവിലാണ് താരം. ജിതേഷിന്റെ പിതാവ് മോഹന്‍ ശര്‍മ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അന്തരിച്ചത്.

ടീം കോമ്പിനേഷനിലെ മാറ്റങ്ങള്‍ മൂലം ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷിന്, അച്ഛന്‍ അസുഖബാധിതനായിരുന്ന അവസാന ഏഴ് ദിവസങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ സാധിച്ചു. ''ലോകകപ്പിനേക്കാള്‍ കൂടുതല്‍ എന്റെ അച്ഛന് എന്നെ ആവശ്യമുണ്ടായിരുന്ന സമയമായിരുന്നു അത്. ആ ഏഴ് ദിവസം അദ്ദേഹത്തെ പരിചരിക്കാന്‍ ദൈവം എനിക്ക് അവസരം നല്‍കി. അതുകൊണ്ട് തന്നെ ലോകകപ്പ് നഷ്ടമായതില്‍ ഇപ്പോള്‍ ആരോടും എനിക്ക് ദേഷ്യമോ പരാതിയോ ഇല്ല.'' ജിതേഷ് പിടിഐയോട് പറഞ്ഞു.

ഉത്തരവാദിത്തങ്ങളുടെ പുതിയ ഇന്നിംഗ്‌സ്

അച്ഛന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തിയെങ്കിലും ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇപ്പോള്‍ തന്റെ തോളിലാണെന്ന് ജിതേഷ് തിരിച്ചറിയുന്നു. മുതിര്‍ന്ന മകന്‍ എന്ന നിലയില്‍ അമ്മയ്ക്കും സഹോദരനും തണലായി മാറേണ്ടതുണ്ടെന്നും, അവരുടെ മുന്നില്‍ തളര്‍ന്നുപോകാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.്

ശൂന്യതയെ അതിജീവിച്ച് ക്രിക്കറ്റിലേക്ക്

അച്ഛന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത തന്റെ ഉള്ളില്‍ എപ്പോഴുമുണ്ടാകുമെന്ന് ജിതേഷ് പറയുന്നു. ''അദ്ദേഹം എന്റെ ഹീറോ ആയിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സങ്കടപ്പെട്ടിരിക്കാതെ പോയി പ്രാക്ടീസ് ചെയ്യാന്‍ എന്നോട് പറയുമായിരുന്നു. ആ ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.'' ജിതേഷ് പറഞ്ഞു. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ സഹതാരം റിങ്കു സിംഗിന്റെ മാനസിക കരുത്തിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയ്ക്കായി ഇതുവരെ 16 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജിതേഷ്, 151.40 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ജിതേഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം അടുത്തതെന്ത്? ആഗ്രഹം വ്യക്തമാക്കി ഗൗതം ഗംഭീര്‍