മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ, തന്റെ അടുത്ത പ്രധാന ലക്ഷ്യം വെളിപ്പെടുത്തി ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. 20252027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് തന്റെ അടുത്ത ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ലോകകിരീടം നിലനിര്‍ത്തിയത്. ഈ വിജയത്തോടെ പല ചരിത്രനേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കി:
സ്വന്തം മണ്ണില്‍ ടി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 2024ലെ വിജയത്തിന് പിന്നാലെ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമുമായി. മൂന്ന് തവണ (2007, 2024, 2026) ടി20 ലോകകിരീടം നേടുന്ന ആദ്യ രാജ്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് ഐസിസി വൈറ്റ്-ബോള്‍ കിരീടങ്ങള്‍ (2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി20 ലോകകപ്പ്) ഇന്ത്യ നേടിയെങ്കിലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിലെ വെല്ലുവിളികള്‍ താന്‍ തിരിച്ചറിയുന്നുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു... ''ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. ആദ്യം നമുക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടണം. ഇനി ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ കൂടി നമുക്ക് മുന്നിലുണ്ട്. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്, അതിനാല്‍ തന്നെ യുവതാരങ്ങളെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും.'' ഗംഭീര്‍ എഎന്‍ഐയോട് വ്യക്തമാക്കി.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കഠിനാധ്വാനത്തിന് ശേഷം ലഭിക്കുന്ന ടെസ്റ്റ് വിജയത്തിന് തുല്യമായി മറ്റൊരു സന്തോഷവുമില്ലെന്നും ഗംഭീര്‍ പറഞ്ഞു. ''ഡ്രസ്സിംഗ് റൂമിലെ ഭൂരിഭാഗം താരങ്ങളും ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ വന്‍ വിജയങ്ങള്‍ നേടുമ്പോഴും ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ ഫൈനലില്‍ എത്തിയില്ലെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് അത് വലിയ തിരിച്ചടിയാകും.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി 48.15 ശതമാനം മാര്‍ക്കോടുകൂടി ആറാം സ്ഥാനത്താണ് ഇന്ത്യ. ഇനി വരാനിരിക്കുന്ന ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ പരമ്പരകള്‍ ഇന്ത്യയുടെ ഫൈനല്‍ വിധി നിര്‍ണയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!