ചരിത്രവിജയത്തിലേക്ക് ബാറ്റ് വീശി റൂട്ടും ബെയര്‍സ്റ്റോയും, എഡ്ജ്‌ബാസ്റ്റണില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ

Published : Jul 04, 2022, 11:26 PM IST
ചരിത്രവിജയത്തിലേക്ക് ബാറ്റ് വീശി റൂട്ടും ബെയര്‍സ്റ്റോയും, എഡ്ജ്‌ബാസ്റ്റണില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ

Synopsis

378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ അടിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തിലെ വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ലീസും ക്രോളിയും ചേര്‍ന്ന് അടിച്ചുപറത്തി. തകര്‍ത്തടിച്ച ലീസാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്.

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും. 378 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടും ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇതുവരെ 150 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

ജോ ജോ കൂട്ടുകെട്ടിന് മുമ്പില്‍ തളര്‍ന്ന് ഇന്ത്യ

378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ അടിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തിലെ വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ലീസും ക്രോളിയും ചേര്‍ന്ന് അടിച്ചുപറത്തി. തകര്‍ത്തടിച്ച ലീസാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലീസിന് ക്രോളി മികച്ച പിന്തുണ നല്‍കി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ മെരുക്കാന്‍ പിച്ചില്‍ നിന്ന് യായൊരു സഹായവും ലഭിക്കാഞ്ഞതോടെ ഒമ്പതാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ വീഴ്ത്താന്‍ ജഡേജക്കുമായില്ല. 23 ഓവറിലാണ് 4.65 ശരാശരിയില്‍ ഇംഗ്ലണ്ട് 107 റണ്‍സടിച്ചത്.

പ്രതീക്ഷ നല്‍കി ബുമ്ര

ചായക്ക് തൊട്ടു മുമ്പ് ക്രോളിയെ(46) മടക്കി ജസ്പ്രീത് ബുമ്ര ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ചായക്കുശേഷമുള്ള ആദ്യ പന്തില്‍ ഒലി പോപ്പിനെ പൂജ്യനായി മടക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന അലക്സ് ലീസ്(56) റണ്ണൗട്ടായി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടടമായതോടെ ഇംഗ്ലണ്ട് ഒന്നുലഞ്ഞു. എന്നാല്‍ ഏത് തകര്‍ച്ചയിലും പതറാതെ ബാറ്റും വീശുന്ന ജോ റൂട്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റി. വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബെയര്‍സ്റ്റോ നല്‍കിയ ക്യാച്ച് ഗള്ളിയില്‍ വിഹാരി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.

ജോ റൂട്ട് ഷമിയുടെ പന്തില്‍ രണ്ട് മൂന്ന് എല്‍ബഡബ്ല്യു അപ്പീലുകള്‍ അതിവീജിച്ച് മുന്നേറി. അര്‍ധസെഞ്ചുറി പിന്നിട്ട ഇരുവരെയും തളക്കാനാവാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 87 പന്തിലാണ് ബെയര്‍സ്റ്റോ 72 റണ്‍സെടുത്തതെങ്കില്‍ റൂട്ട് 112 പന്തിലാണ് 76 റണ്‍സടിച്ചത്. മികച്ച റണ്‍റേറ്റില്‍ ബാറ്റുവീശുന്ന ഇംഗ്ലണ്ട് ഓവറില്‍ 4.54 റണ്‍സ് വെച്ചാണ് സ്കോര്‍ ചെയ്തത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അഞ്ചാം ദിനം ചരിത്ര വിജയവുമായി ഇംഗ്ലണ്ട് പരമ്പര സമനിലയാക്കും. ഇംഗ്ലണ്ടില്‍ 15 വര്‍ഷത്തിനുശേഷമുഴ്ള പരമ്പര ജയമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്