ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനാവാന്‍ ഇതിഹാസ താരം!

By Web TeamFirst Published Jul 24, 2019, 7:27 PM IST
Highlights

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നത് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരത്തിന് മുതല്‍ക്കൂട്ടാവും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിംഗ് പരിശീലകസ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സിന്‍റെ അപേക്ഷയും. മുഖ്യ പരിശീലകനൊപ്പം ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെയും അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജരെയും തെരഞ്ഞെടുക്കാനുള്ള അപേക്ഷകളാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്. 

ഫീല്‍ഡിംഗ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയതായി ജോണ്ടി സ്ഥിരീകരിച്ചിട്ടുണ്ട്. താനും ഭാര്യയും ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യ ഒട്ടേറെ നേട്ടങ്ങള്‍ തനിക്ക് സമ്മാനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ ക്രിക്കറ്റ് ടീമാണ് ഇന്ത്യ. അതിനാല്‍ ആ ടീമിനൊപ്പം തിരക്കേറിയ ദിനങ്ങള്‍ ചിലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ മഹത്തരമാണെന്നും ജോണ്ടി റോഡ്‌സ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.  

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നത് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരത്തിന് മുതല്‍ക്കൂട്ടാവും. ഒന്‍പത് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളെ ജോണ്ടി റോഡ്‌സ് പരിശീലിപ്പിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറായാണ് ജോണ്ടി റോഡ്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍റെ ഇന്‍സമാം ഉള്‍ ഹഖിനെ 1992 ലോകകപ്പില്‍ പറന്ന് റണ്‍ഔട്ടാക്കിയതാണ് ജോണ്ടിയുടെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് പ്രകടനങ്ങളിലൊന്ന്. 

click me!