Latest Videos

ഇന്നിംഗ്‌സിന് പ്രചോദനമായത് രണ്ട് ഇന്ത്യന്‍ താരങ്ങള്‍! ഇതിഹാസങ്ങളുടെ പേരെടുത്ത് പറഞ്ഞ് ജോസ് ബട്‌ലര്‍

By Web TeamFirst Published Apr 17, 2024, 2:11 PM IST
Highlights

മത്സരത്തിലെ താരമായതും ബട്‌ലറായിരുന്നു. ഇന്നിംഗ്‌സില്‍ മാതൃകയാക്കിയത് എം എസ് ധോണിയേയും വിരാട് കോലിയേയുമാണെന്ന് ബട്‌ലര്‍ മത്സരശേഷം പറഞ്ഞു.

കൊല്‍ക്കത്ത: ജോസ് ബട്‌ലറുടെ സെഞ്ചുറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്ലര്‍ പുറത്താവാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത സുനില്‍ നരെയ്ന്റെ (56 പന്തില്‍ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. 

മത്സരത്തിലെ താരമായതും ബട്‌ലറായിരുന്നു. ഇന്നിംഗ്‌സില്‍ മാതൃകയാക്കിയത് എം എസ് ധോണിയേയും വിരാട് കോലിയേയുമാണെന്ന് ബട്‌ലര്‍ മത്സരശേഷം പറഞ്ഞു. ബട്‌ലറുടെ വാക്കുകള്‍... ''വിശ്വാസം, അതുതന്നെയാണ് വിജയത്തിന് പിന്നിലെ രഹസ്യം. ഞാന്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. എനിക്ക് നിരാശ തോന്നിയിരുന്നു. എന്നാല്‍ ശരിയാകുമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഐപിഎല്ലില്‍ പലപ്പോഴായി ഇത്തരം ഇന്നിംഗ്‌സുകള്‍ ഉണ്ടായിട്ടുണ്ട്. ധോണിയെയും കോലിയെയും അവസാനം വരെ നില്‍ക്കുകയും മത്സരം ജയിപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. ഞാനും അത് ചെയ്യാനാണ് ശ്രമിച്ചത്.'' ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.

ഇന്നലത്തേത് തന്റെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിംഗ്‌സെന്നും ബട്‌ലര്‍ വ്യക്തമാക്കി. ''കുമാര്‍ സംഗക്കാര എന്നോട് ഒരുപാട് പറഞ്ഞിട്ടുള്ള കാര്യമാണ്, എപ്പോഴും ഒരു ചെറിയ ബ്രേക്കിംഗ് പോയിന്റുണ്ട്. നിങ്ങള്‍ക്ക് മികച്ചതായി തോന്നാത്തപ്പോള്‍ അതിനെതിരെ പൊരാടുക, വിക്കറ്റ് വിട്ടുകൊടുക്കാതിരിക്കുക. സംഗ പറഞ്ഞതുതന്നെയാണ് ഞാന്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ താളം കണ്ടെത്താനാവും. അല്ലെങ്കില്‍ ഒരു ഷോട്ട് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത് എന്റെ കളിയുടെ ഒരു വലിയ ഭാഗമാണ്. എന്റെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിംഗ്‌സ് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും റണ്‍സ് പിന്തുടര്‍ന്നുള്ള ജയം ഒരുപാട് സംതൃപ്തി നല്‍കുന്നു. പ്രത്യേകിച്ച് അവസാന പന്തിലെ വിജയം.'' ബട്‌ലര്‍ കൂട്ടിചേര്‍ത്തു.

ബട്‌ലറല്ല, മത്സരത്തിന്റെ ഗതിമാറ്റിയത് അവന്റെ പ്രകടനം! മറ്റൊരു താരത്തിന്റെ പേരെടുത്ത് പറഞ്ഞ് സഞ്ജു സാംസണ്‍

ജയത്തോടെ രാജസ്ഥാന്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.

click me!