ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: പിച്ചിന്റെ സ്വഭാവത്തെച്ചൊല്ലി ജുറലും ജാമിസണും വ്യത്യസ്ത നിലപാടില്‍; മഴയും ചരിത്രവും നിര്‍ണയകമാകും

Published : Nov 29, 2026, 05:37 PM IST
Dhruv Jurel

Synopsis

ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ധ്രുവ് ജുറലിനും കൈൽ ജാമിസണിനും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പന്ത് പഴകുന്തോറും ബാറ്റിംഗ് എളുപ്പമാകുമെന്ന് ജുറൽ കരുതുമ്പോൾ, ബൗളർമാർക്ക് ഇപ്പോഴും മുൻതൂക്കമുണ്ടെന്ന് ജാമിസൺ പറയുന്നു. അവസാന ദിവസങ്ങളിലെ കാലാവസ്ഥയും നിർണായകമാകും.

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന രണ്ട് ദിവസങ്ങളില്‍ ബാറ്റിങ് എളുപ്പമാകുമോ അതോ ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമോ എന്നതാണ് പ്രധാന ചോദ്യം. മൂന്നാം ദിവസത്തെ കളിക്ക് ശേഷം ധ്രുവ് ജുറലും കൈല്‍ ജാമിസണും വ്യത്യസ്ത വിലയിരുത്തലുകളാണ് നടത്തിയത്. അവസാന ദിവസം മഴ പെയ്യാനുള്ള സാധ്യതയും പിച്ചിന്റെ സ്വഭാവം മാറ്റിയേക്കും. വെല്ലിംഗ്ടണ്‍ ടെസ്റ്റിലേതുപോലെ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുംതോറും പിച്ച് ബാറ്റിങ്ങിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് ജുറല്‍ പ്രതീക്ഷിക്കുന്നത്.

വെല്ലിങ്ടണില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിട്ടും മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ 120 ഓവര്‍ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്ത് മത്സരം സമനിലയിലാക്കിയിരുന്നു. ജുറലിന്റെ വിലയിരുത്തല്‍... ''പിച്ച് വരണ്ടുതുടങ്ങിയിട്ടുണ്ട്, പന്ത് പഴകുന്തോറും ബാറ്റിങ് എളുപ്പമായി മാറി. ഇത് വെല്ലിങ്ടണിലേതു പോലെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ബാറ്റിങ് കൂടുതല്‍ എളുപ്പമാകും, അഞ്ചാം ദിവസമാകുമ്പോഴേക്കും പിച്ചില്‍ കാര്യമായൊന്നും ബാക്കിയുണ്ടാകില്ല.'' മൂന്നാം ദിവസത്തെ കളിക്ക് ശേഷം ജുറല്‍ പറഞ്ഞു.

എന്നാല്‍, പന്ത് പഴകിയാലും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ സാധിക്കുമെന്നാണ് ജാമിസണിന്റെ നിലപാട്. ''ഇന്ന് നമ്മള്‍ കണ്ടതുപോലെ, പഴയ പന്താണെങ്കില്‍ പോലും കൃത്യമായ ലൈനിലും ലെങ്ത്തിലും - ഓഫ് സ്റ്റമ്പിനും നാലാം സ്റ്റമ്പിനും ഇടയിലുള്ള ചാനലില്‍ - പന്തെറിഞ്ഞാല്‍ അല്‍പ്പം മൂവ്മെന്റും അധിക ബൗണ്‍സും ലഭിക്കും. പലതവണ ബാറ്റര്‍മാരുടെ ഔട്ട്സൈഡ് എഡ്ജിന് സമീപത്തുകൂടി പന്ത് കടന്നുപോയി. പിച്ചില്‍ ഇനിയും കാര്യങ്ങള്‍ ബാക്കിയുണ്ടെന്നാണ് തോന്നുന്നത്. കൂടുതല്‍ നേരം പിടിച്ചുനിന്ന് ബാറ്റര്‍മാരെ കൊണ്ട് കടുത്ത തീരുമാനങ്ങള്‍ എടുപ്പിക്കുക എന്നതാണ് പ്രധാനം. എന്തെങ്കിലും ഒരു മാറ്റം സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നത്.'' ജാമിസണ്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''കാലാവസ്ഥ നമുക്ക് നിയന്ത്രിക്കാനാകുന്ന കാര്യമല്ല. എന്നാല്‍ വേഗത്തില്‍ കളി മുന്നോട്ട് കൊണ്ടുപോകാനോ നേരത്തെ ഫലം ഉണ്ടാക്കാനോ ശ്രമിച്ചാല്‍ അത് തിരിച്ചടിയായേക്കാം. അതിനാല്‍ നാളെ രാവിലെ കാലാവസ്ഥ വിലയിരുത്തിയ ശേഷം സാഹചര്യത്തിന് അനുസരിച്ച് കളിക്കും.'' ജാമിസണ്‍ കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം ടെസ്റ്റില്‍ വിജയം എളുപ്പമാകില്ല; ക്രൈസ്റ്റ്ചർച്ചിൽ കണക്കുകളെല്ലാം ഇന്ത്യക്കെതിര്, ഉയർന്ന റൺചേസ് 285 മാത്രം
'അതുകൊണ്ടാണ് അവൻ ഒരിക്കലും ടെസ്റ്റ് ക്യാപ്റ്റനാവാത്തത്'; റിഷഭ് പന്തിന്‍റെ ഷോട്ട് സെലക്ഷനെതിരെ ആർ അശ്വിൻ