
മുംബൈ: ഐപിഎല്ലിൽ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനായി ഇഷാൻ കിഷനെ തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിനൊപ്പമുള്ള തന്‍റെ ശിഷ്യൻ കൂടിയായ അഭിഷേക് ശർമയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതാണ് യുവരാജിനെ ചൊടിപ്പിച്ചത്. 2007-ൽ എം.എസ്. ധോണി ഇന്ത്യൻ നായകനായ സാഹചര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ യുവരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇഷാൻ കിഷനെ തനിക്ക് ഇഷ്ടമാണെങ്കിലും ഏഴു വർഷത്തോളമായി ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ആത്മാവ് നൽകി കളിക്കുന്ന അഭിഷേകിനെപ്പോലൊരു താരത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തത് ശരിയല്ലെന്ന് യുവരാജ് പറഞ്ഞു. അഭിഷേകിനെ നായകനാക്കാത്തതിൽ എനിക്ക് അൽപം നിരാശയുണ്ട്. വർഷങ്ങളായി അവൻ ഈ ടീമിനൊപ്പമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ നയിക്കുന്ന അവൻ മികച്ച ഫോമിലുമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു കളിക്കാരൻ ഏത് മാനസികാവസ്ഥയിലായിരിക്കും കളിക്കുക എന്ന് ചിന്തിക്കണം. എങ്കിലും ഇഷാൻ കിഷനുമായി അഭിഷേകിന് നല്ല ബന്ധമുള്ളത് ആശ്വാസകരമാണെന്നും യുവരാജ് പറഞ്ഞു.
തന്‍റെ കരിയറിലെ സമാനമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് യുവരാജ് ഹൈദരാബാദിന്‍റെ തീരുമാനത്തെ വിലയിരുത്തിയത്. 2007-ൽ താനും ഹർഭജൻ സിംഗും വീരേന്ദർ സെവാഗും ടീമിലെ സീനിയർ താരങ്ങളായിരിക്കെ അപ്രതീക്ഷിതമായാണ് ധോണി നായകനായതെന്ന് യുവി ഓർമ്മിപ്പിച്ചു. 2007-ൽ ഞാൻ വൈസ് ക്യാപ്റ്റനായിരുന്നു. ഭാജിയും സെവാഗും എനിക്ക് സീനിയേഴ്സായി ടീമിലുണ്ട്. എന്നാൽ എവിടെ നിന്നെന്നില്ലാതെ പെട്ടെന്നൊരു നാള്‍ എം.എസ്. ധോണി ഇന്ത്യൻ ടീമിന്‍റെ നായകനായി. ചിലർ നയിക്കാനും രാജ്യത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാനും നിയോഗിക്കപ്പെട്ടവരാകാം. ഒരു കളിക്കാരന്‍റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, വർഷങ്ങളായി ടീമിന് വേണ്ടി അധ്വാനിച്ച ഒരാളെ മറികടന്ന് മറ്റൊരാൾ വരുന്നത് നിരാശാജനകമാണെന്നും യുവി കൂട്ടിച്ചേർത്തു.
തീരുമാനം എടുത്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഇഷാൻ കിഷനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് യുവരാജ് അഭിഷേകിനോട് നിർദ്ദേശിച്ചു. ഹൈദരാബാദിന്‍റെ ബൗളിംഗ് നിര ദുർബലമാണെന്നും അതിനാൽ അവർക്ക് വിജയിക്കാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. എങ്കിലും പരിക്കേറ്റ മനസിനെ പ്രചോദനമാക്കി മാറ്റി ടീമിനായി കൂടുതൽ കരുത്തോടെ കളിക്കാൻ അഭിഷേകിന് കഴിയണമെന്നും യുവരാജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!