
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാനിൽ ഇന്ധനവില സർവ്വകാല റെക്കോർഡിൽ. പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപയായാണ് വർധിപ്പിച്ചത്. ഇസ്രായേൽ-ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധാന്തരീക്ഷം ആഗോള എണ്ണ വിപണിയെ തകിടം മറിച്ചതാണ് പാകിസ്ഥാനെയും സാരമായി ബാധിച്ചത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണമെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അഭ്യർത്ഥിച്ചു.
പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി അലി പർവേസ് മാലിക് അറിയിച്ചു. ഇതോടെ പാകിസ്താനിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുകയാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾ ക്ഷമയോടെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന് അഫ്രീദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
സുഹൃത്തുക്കളെ, യുദ്ധം കാരണം ലോകം മുഴുവൻ ഊർജ്ജ പ്രതിസന്ധി നേരിടുകയാണ്. എങ്കിലും മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്ഥാൻ ഇപ്പോഴും മെച്ചപ്പെട്ട നിലയിലാണ്. ഈ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന്‍റെ പുരോഗതിക്കായി സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നാം നിൽക്കണം- അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ സന്ദേശത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അഫ്രീദിയുടേത് ദേശസ്‌നേഹപരമായ നിലപാടാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന സാധാരണക്കാരന്‍റെ അവസ്ഥ താരത്തിന് മനസിലാകില്ലെന്ന് വിമർശിക്കുന്നവരും കുറവല്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നീളുന്ന പക്ഷം എണ്ണവില ഇനിയും വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് പാകിസ്ഥാൻ പോലെയുള്ള സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!