
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. നാളെ ഗുവാഹത്തിയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും സ്റ്റാര്‍ പേസര്‍ കാഗിസോ റബാദ കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലും പരിക്കുമൂലും റബാദക്ക് കളിക്കാനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ റബാദയുടെ അഭാവത്തിലും സ്പിന്നര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.
ഗുവാഹത്തിയിലെ പിച്ച് ആദ്യ ദിനങ്ങളില്‍ ബാറ്റിംഗിനെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നും ടെംബാ ബാവുമ പറഞ്ഞു. കൊല്‍ക്കത്തയിലെ പിച്ചിനെ അപേക്ഷിച്ച് ഗുവാഹത്തിയിലെ പിച്ച് കുറച്ചുകൂടി പുതിയതാണെന്നും സ്ഥിരത പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാവുമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റബാദക്ക് പകരം ലുങ്കി എന്‍ഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങിവീണതിനാല്‍ ഗുവാഹത്തിയിൽ ടീം ഇന്ത്യ പേസും ബൗൺസുമുള്ള വിക്കറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിസിസിഐയുടെ ചീഫ് ക്യൂറേറ്റർ ആശിഷ് ഭൗമിക്കിന്റെ ഹോം ഗ്രൗണ്ടാണിത്.
ഗുവാഹത്തി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഗുവാഹത്തിയിൽ രാവിലെ ഒൻപതിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ആണ് ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ നയിക്കുന്നത്. ടെസ്റ്റിൽ ഇന്ത്യൻ നായകനാവുന്ന മുപ്പത്തിയെട്ടാമത്തെ താരമാണ് റിഷഭ് പന്ത്. ഗില്ലിന് പകരം ഇടംകൈയൻ ബാറ്റർ സായ് സുദർശൻ ടീമിലെത്തുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക