പാക് ബൗളര്‍മാരെ അമ്മാനമാടി കഗിസോ റബാദ, 61 പന്തില്‍ 71; റാവല്‍പിണ്ടി ടെസ്റ്റില്‍ ലീഡെടുത്ത് ദക്ഷിണാഫ്രിക്ക

Published : Oct 22, 2025, 03:48 PM IST
Kagiso Rabada Scored Fifty Against Pakistan

Synopsis

പതിനൊന്നാമനായി ഇറങ്ങിയ കഗിസോ റബാദയുടെ (71) വെടിക്കെട്ട് ബാറ്റിംഗാണ് സന്ദർശകർക്ക് നിർണായക ലീഡ് സമ്മാനിച്ചത്.

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 333നെതിരെ ദക്ഷിണാഫ്രിക്ക 404 റണ്‍സെടുത്തു. 89 റണ്‍സ് നേടിയ സെനുരാന്‍ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ പതിനൊന്നാമനായി ക്രീസിലെത്തിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കഗിസോ റബാദയാണ് (61 പന്തില്‍ 71) സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (76), ടോണി ഡി സോര്‍സി (55) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി 38-ാം വയസില്‍ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.

നാലിന് 185 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് കെയ്ല്‍ വെറെയ്‌നെയുടെ (10) വിക്കറ്റ് ആദ്യം നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നെത്തിയ സിമോണ്‍ ഹാര്‍മര്‍ (2), മാര്‍കോ ജാന്‍സന്‍ (12) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ കേശവ് മഹാരാജിനെ (30) കൂട്ടുപിടിച്ച് മുത്തുസാമി 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മഹാരാജിനെ പുറത്താക്കി നോമാന്‍ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മഹാരാജ് മടങ്ങുമ്പോള്‍ ഒമ്പതിന് 306 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

പിന്നീട് റബാദ വന്ന് പാക് ബൗളര്‍മാരെ പഞ്ഞിക്കിട്ടു. 98 റണ്‍സാണ് മുത്തുസാമിക്കൊപ്പം റബാദ കൂട്ടിചേര്‍ത്തത്. നാല് വീതം സിക്‌സും ഫോറും നേടിയ റബാദ ആസിഫ് അഫ്രീദിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. മുത്തുസാമിയുടെ ഇന്നിംഗ്‌സില്‍ എട്ട് ബൗണ്ടറികള്‍ ഉണ്ടായിരുന്നു. നേരത്തെ, പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 333ന് അവസാനിച്ചിരുന്നു. ഷാന്‍ മസൂദിന്റെ (87) ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൗദ് ഷക്കീല്‍ (66), അബ്ദുള്ള ഷഫീഖ് (57), സല്‍മാന്‍ അഗ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് ഏഴ് വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്