എക്കാലത്തെയും മികച്ച പാക് ടീമിനെ തെരഞ്ഞെടുത്ത കമ്രാന്‍ അക്‌മലിന് ആരാധകരുടെ ട്രോള്‍ മഴ

By Web TeamFirst Published Oct 17, 2019, 8:38 PM IST
Highlights

ടി20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഉമറിനെ നാലാം നമ്പറില്‍ കളിപ്പിക്കുമെന്ന് പറഞ്ഞ കമ്രാന്‍ വിക്കറ്റ് കീപ്പറായി താന്‍ തന്നെ എട്ടാം നമ്പറില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കി.

കറാച്ചി: പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മലിനെ കളിയാക്കിയും വിമര്‍ശിച്ചും ആരാധകര്‍. തനിക്ക് മുമ്പെ കളിച്ചവരെ ഉള്‍പ്പെടുത്തിയല്ല, താന്‍ കളി കണ്ടിട്ടുള്ളവരെ ഉള്‍പ്പെടുത്തിയാണ് ടീം തെരഞ്ഞെടുക്കുന്നതെന്ന് കമ്രാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നെങ്കിലും ടീം തെരഞ്ഞെടുപ്പ് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചില്ല. കാരണം കമ്രാന്റെ എക്കാലത്തെയും മികച്ച ടീമില്‍ കമ്രാനും സഹോദരന്‍ ഉമര്‍ അക്മലും ഉണ്ടെന്നത് തന്നെ.

ടി20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഉമറിനെ നാലാം നമ്പറില്‍ കളിപ്പിക്കുമെന്ന് പറഞ്ഞ കമ്രാന്‍ വിക്കറ്റ് കീപ്പറായി താന്‍ തന്നെ എട്ടാം നമ്പറില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കി. ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റിലെ തന്റെ മുന്‍കാല പ്രകടനങ്ങള്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് തന്നെ അര്‍ഹനാക്കിയതെന്നും കമ്രാന്‍ അവകാശപ്പെട്ടു.

2017ലാണ് കമ്രാന്‍ അക്മല്‍ പാക്കിസ്ഥാനായി അവസാനം ഏകദിനത്തില്‍ കളിച്ചത്. കമ്രാനെക്കാള്‍ മികവുകാട്ടിയ മോയിന്‍ ഖാനെയും റഷീദ് ലത്തീഫിനെയും ഒഴിവാക്കി ടീം പ്രഖ്യാപിച്ചതാണ് ആരാധകര്‍കക് ദഹിക്കാഞ്ഞത്. യുട്യൂബ് വീഡിയോയിലൂടെയാണ് കമ്രാന്‍ ടീം പ്രഖ്യാപനം നടത്തിയത്. ഇതിനുതാഴെയാണ് ആരാധകര്‍ രൂക്ഷ വിമര്‍ശനവും കളിയാക്കലുകളുമായി രംഗത്തെത്തിയത്.

കമ്രാന്‍ അക്മല്‍ തെര‍ഞ്ഞെടുത്ത എക്കാലത്തെയും മികച്ച പാക്കിസ്ഥാന്‍ ഏകദിന ടീം: സയ്യിദ് അന്‍വര്‍, ബാബര്‍ അസം, മൊഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍, ഷൊയൈബ് മാലിക്, ഷാഹിദ് അഫ്രീദി, അബ്ദുള്‍ റസാഖ്, കമ്രാന്‍ അക്മല്‍, വാസിം അക്രം, ഷൊയൈബ് അക്തര്‍, സഖ്‌ലിയന്‍ മുഷ്താഖ്.

click me!