ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ അവര്‍ രണ്ടുപേരുമെന്ന് വില്യംസണ്‍; സ്മിത്തിനെ തഴഞ്ഞു

By Web TeamFirst Published Apr 27, 2020, 6:14 PM IST
Highlights

സമകാലീനരായ മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് കോലി. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്സാണ് കോലിയോടൊപ്പം ചേര്‍ത്ത് പറയാവുന്ന മറ്റൊരു കളിക്കാരന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമെ ഇപ്പോള്‍ കളിക്കുന്നുള്ളുവെങ്കിലും കോലിയോളം പ്രതിഭയുള്ള താരമാണ് ഡിവില്ലിയേഴ്സുമെന്ന് വില്യംസണ്‍.

ഹാമില്‍ട്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഐപിഎല്ലിലെ സഹതാരമായ ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് വില്യംസണ്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തെരഞ്ഞെടുത്തത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെയാണ് ഒന്നാമനെന്ന് പറഞ്ഞ വില്യംസണ്‍ കോലിയുടെ അടങ്ങാത്ത റണ്‍ദാഹമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

സമകാലീനരായ മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് കോലി. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്സാണ് കോലിയോടൊപ്പം ചേര്‍ത്ത് പറയാവുന്ന മറ്റൊരു കളിക്കാരന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമെ ഇപ്പോള്‍ കളിക്കുന്നുള്ളുവെങ്കിലും കോലിയോളം പ്രതിഭയുള്ള താരമാണ് ഡിവില്ലിയേഴ്സുമെന്ന് വില്യംസണ്‍ പറഞ്ഞു.

Also Read: സിഎസ്‌കെയുടെ തീരുമാനം മുഖത്തടിച്ചത് പോലെ ആയിരുന്നു; മുന്‍ ടീമിനെതിരെ ആഞ്ഞടിച്ച് അശ്വിന്‍

വില്യംസണിന്റെ അഭിപ്രായത്തോട് യോജിച്ച വാര്‍ണര്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരായി താന്‍ മൂന്ന് പേരെയാണ് കാണുന്നതെന്ന് വ്യക്തമാക്കി. വിരാട് കോലിക്ക് പുറമെ ഓസീസ് താരം സ്റ്റീവ് സ്മിത്തും വില്യംസണും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാരാണെന്ന് വാര്‍ണര്‍ പറഞ്ഞു. താങ്കള്‍ കണ്ടിട്ടുള്ളതില്‍ എക്കാലത്തെയും മികച്ച കളിക്കാരന്‍ ആരാണെന്ന വില്യംസണിന്റെ ചോദ്യത്തിന് ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസെന്നായിരുന്നു വാര്‍ണറുടെ മറുപടി.

ബാറ്റിംഗില്‍ മികച്ച റെക്കോര്‍ഡുള്ള കാലിസ് 300ല്‍ അധികം വിക്കറ്റുകളും 200 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ടെന്നും അത് അതുല്യമായ നേട്ടമാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാര്‍ മൂന്ന് പേരുണ്ടെന്നായിരുന്നു വില്യംസണിന്റെ മറുപടി. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര, ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് വില്യംസണ്‍ ഏറ്റവും മികച്ചവരായി തെര‍ഞ്ഞെടുത്തത്.

Also Read: മാതാപിതാക്കളില്‍ ആരാണ് മികച്ചതെന്ന് ചോദിക്കുന്നത് പോലെയാണത്; യുവിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ബൂമ്ര

ഒരുപാട് മികച്ച കളിക്കാരില്‍ നിന്ന് കുറച്ചുപേരെ മാത്രം തെരഞ്ഞെടുക്കുക അസാധ്യമാണെന്നും  വാര്‍ണറും ഡിവില്ലിയേഴ്സും കാലിസും എല്ലാം പ്രതിഭാധനരായി കളിക്കാരരാണെന്നും വില്യംസണ്‍ പറഞ്ഞു.

click me!