ചെന്നൈ: ഐപിഎല്ലില്‍ മുന്‍  ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആഞ്ഞടിച്ച് ആര്‍ അശ്വിന്‍. ഫ്രാഞ്ചൈസിയില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ചാണ് അശ്വിന്‍ വ്യക്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായി വീഡിയോ ലൈവില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

2010ലുണ്ടായ ഒരു മോശം അനുഭവാണ് അശ്വിന്‍ പുറത്തുവിട്ടത്. ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പിന്നാലെ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പുറത്താക്കിയെന്നാണ് അശ്വിന്‍ പറയുന്നത്. അശ്വിന്‍ തുടര്‍ന്നു... ''സിഎസ്‌കെയുടെ ഭാഗത്ത് നിന്നുണ്ടായ തീരുമാനം മുഖത്തടിക്കുന്നത് പോലെയായായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടു മല്‍സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ എന്നെ ഒഴിവാക്കി. കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചത് പോലുമില്ല. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 40- 45 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഞാന്‍ കാരണം ആര്‍സിബി വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി. തൊട്ടടുത്ത മത്സരത്തിലും എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അതോടെ ടീമില്‍ സ്ഥാനം നഷ്ടമായി. അക്കാലത്ത് ഹോട്ടല്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 18 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത താരങ്ങളെ വീട്ടിലേക്ക് തിരിച്ചയക്കുമായിരുന്നു.

അങ്ങനെ എനിക്കും വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് വീട്ടിലിരുന്നാണ് ഞാന്‍ സിഎസ്‌കെയുടെ മത്സരങ്ങള്‍ കണ്ടത്. അന്ന് ഹോട്ടില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നത് കടുത്ത നിരാശയുണ്ടാക്കി. കാരണം ഇത്രയൊന്നും താന്‍ അര്‍ഹിച്ചിരുന്നതായി തോന്നിയിട്ടില്ല.'' അശ്വിന്‍ പറഞ്ഞു.

രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഫോമൗട്ടായത്. ഏതൊരു താരത്തിനും കരിയറില്‍ ഇതുപോലെ ചില മോശം മത്സരങ്ങളുണ്ടാവും. എനിക്ക സംഭവിച്ചതും അതുതന്നെയാണ്. കോച്ച് ഫ്ളെമിങുമായി ചില പ്രശ്നങ്ങള്‍ തനിക്കുണ്ടായിരുന്നു. ഇക്കാരണം കൊണ്ടാവാം ടീമില്‍ ഒഴിവാക്കപ്പെട്ടത്. അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.