മുംബൈ: എം എസ് ധോണിയാണോ അതോ യുവരാജ് സിംഗാണോ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍..? കുഴപ്പിക്കുന്ന ചോദ്യം തന്നെയാണത്. ആരാണെന്ന് ഉറച്ച് പറയാന്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയും മടിക്കും. ഇതോ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്രയും നേരിട്ടും എന്നാല്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബൂമ്ര.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം വീഡിയോ ചാറ്റിനിടെയാണ് താരം ഈ ചോദ്യം നേരിട്ടത്. ഞാനാണോ ധോണിയാണോ മികച്ച മധ്യനിര ബാറ്റസ്മാന്‍ എന്നായിരുന്നു ബൂമ്രയുടെ ചോദ്യം. താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''മാതാപിതാക്കളില്‍ ആരാണ് നല്ലത് എന്ന് ചോദിക്കുന്നത് പോലെയാണ് ഈ ചോദ്യം.'' ഇത്രയും പറഞ്ഞിട്ട് ബൂമ്ര ഒഴിഞ്ഞുമാറുകയായിരുന്നു. 

ധോണിക്ക് കീഴിലും ഒപ്പവും ഒരുപാട് മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബൂമ്ര. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ യുവരാജിനൊപ്പവും ബൂമ്ര കളിച്ചിട്ടുണ്ട്. സംസാരത്തിനിടെ മറ്റൊരു ചോദ്യം കൂടി യുവരാജ് ചോദിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണോ മികച്ച ക്യാപ്റ്റനെന്നായിരുന്നു യുവരാജിന്റെ അടുത്ത ചോദ്യം.

ഇക്കാര്യത്തില്‍ ബൂമ്ര തന്റെ മറുപടി വ്യക്തമാക്കി. സച്ചിനാണ് മികച്ച ബാറ്റ്‌സ്മാന്‍ എ്ന്നായിരുന്നു ബൂമ്രയുടെ ഉത്തരം. ''ലോകം മുഴുവന്‍ സച്ചിന്  ആരാധകരുണ്ട്. കോലിയും ഒരു സച്ചിന്‍ ആരാധകനാണ്. സച്ചിന്‍ തന്നെയാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏഴ് വര്‍ഷമായെങ്കിലും അദ്ദേഹത്തിന്റെ പല റെക്കോഡുകള്‍ക്കും ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.'' ബൂമ്ര പറഞ്ഞു.