കപിലിന്റെ ചെകുത്താന്മാര്‍ ഏകദിന ലോകകപ്പുയര്‍ത്തിയിട്ട് ഇന്നേക്ക് 37 വര്‍ഷം

By Web TeamFirst Published Jun 25, 2020, 10:09 AM IST
Highlights

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ്. 1983ല്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്.

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ്. 1983ല്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്. ഏകദിന ലോകകപ്പിന്റെ മൂന്നാം പതിപ്പിലാണ് കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യക്ക് കന്നികിരീടം സമ്മാനിച്ചത്.

മൂന്നാം കിരീടം നേടുന്നതുവരെ ലോകകപ്പില്‍ ഒരു ജയം മാത്രമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. 83 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. സിംബാംബ്‌വേയെ കപില്‍ ഒറ്റയ്ക്ക് തോല്‍പിച്ചത് ഇന്നും അവിശ്വസനീയമാണ്. 78 റണ്‍സിനിടെ ഏഴ് വിക്കറ്റ് വീണെങ്കിലും കപിലിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 175 റണ്‍സ്. 

സെമിയില്‍ ഇംഗ്ലണ്ടിനേയും മുട്ടുകുത്തിച്ച് ഇന്ത്യ ഫൈനലിലേക്ക്. ഹാട്രിക് കിരീടമായിരുന്നു വെസ്റ്റ് ഇന്‍ഡീസിസിന്റെ ലക്ഷ്യം. ക്ലൈവ് ലോയ്ഡിന്റെ പേസ് ബാറ്ററി ഫൈനലില്‍ ഇന്ത്യയെ 183ന് എറിഞ്ഞിട്ടു. 38 റണ്‍സെുത്ത കെ ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പിന്നാലെ ബാറ്റിങ്ങിനെത്തിയ വിന്‍ഡീസിന് ബല്‍വിന്ദര്‍ സന്ധു ആദ്യ പ്രഹരമേല്‍പിച്ചു. 

33 റണ്‍സെടുത്ത ബാറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെ കപില്‍ അവിശ്വസനീയമായി കൈയില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറി. മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ വിന്‍ഡീസ് 140ന് നിലംപൊത്തി. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതുയഗപ്പിറവി. 1983 ജൂണ്‍ 25ന് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം രണ്ടായി പിളര്‍ന്നു.

click me!