നാലാം നമ്പറില്‍ ആര്; ഉയര്‍ന്ന പേരുകളെല്ലാം തള്ളി കപിലിന്‍റെ കിടിലന്‍ മറുപടി

By Web TeamFirst Published Apr 3, 2019, 2:50 PM IST
Highlights

ഇന്ത്യന്‍ താരങ്ങളെ തഴഞ്ഞ് ഏറ്റവും മികച്ച ഓള്‍റൗണ്ടറുടെ പേരും കപില്‍ ദേവ് പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യയെ കപില്‍ പരാമര്‍ശിച്ചുപോലുമില്ല.  

മുംബൈ: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആരാകണമെന്ന ചര്‍ച്ചയ്ക്ക് തന്ത്രപ്രധാന മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. 'നാലാം നമ്പര്‍ സ്ഥാനത്തെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടത്. സാഹചര്യം എന്താണ് ആവശ്യപ്പെടുന്നത് എന്നതാണ് പ്രധാനം. താരങ്ങള്‍ക്ക് നമ്പറുകള്‍ പതിച്ചുനല്‍കരുത്. ആരെ വേണമെങ്കിലും ഏത് ബാറ്റിംഗ് പൊസിഷനിലും അയക്കാമെന്നും അതിന് സാഹചര്യമാണ് കണക്കാക്കേണ്ടതെന്നും' കപില്‍ ഒരു പരിപാടിക്കിടെ വ്യക്തമാക്കി. 

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനെ ചൊല്ലി ആഴ്‌ചകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍ തുടങ്ങി പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എം എസ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി നാലാമനായി ബാറ്റിംഗിനയക്കണം എന്നും നിര്‍ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി പറഞ്ഞുകേള്‍ക്കുന്ന ഋഷഭ് പന്തിന് ഇനിയുമേറെ തെളിക്കാനുണ്ട് എന്നാണ് കപിലിന്‍റെ വാദം. 

'ആര്‍ അശ്വിന്‍ ടെസ്റ്റില്‍ മികച്ച ഓള്‍റൗണ്ടറാണ്. ജഡേജയ്ക്ക് ബാറ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ അക്കാര്യം അയാള്‍ക്ക് അറിയില്ല. ടി20 ക്രിക്കറ്റില്‍ നിരവധി ഓള്‍റൗണ്ടര്‍മാരുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളും പരിഗണിച്ചാല്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സാണ് സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറെന്നും' എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ ദേവ് പരിപാടിക്കിടെ പറഞ്ഞു. ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയെ കപില്‍ പരാമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 

click me!