ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വേദികളുടെ പട്ടിക പുറത്തുവന്നു. കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഐപിഎല്‍ 2026 സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വേദികളുടെ പട്ടിക പുറത്തുവന്നു. കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ഐപിഎല്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരമുണ്ടെന്നുള്ളതാണ് പ്രത്യേകത. വേദികളില്‍ ഒന്ന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്. എന്നാല്‍ ഏത് ടീമിന്റെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുകയെന്നുള്ള കാര്യം വ്യക്തമല്ല. 18 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.
ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. ചിന്നസ്വാമിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഐപിഎലും നടത്താന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച ദുരന്തം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷനും സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി. ആള്‍ക്കൂട്ട നിയന്ത്രണത്തിനു സ്റ്റേഡിയത്തില്‍ നാലരക്കോടി രൂപ ചെലവില്‍ 350 എഐ ക്യാമറകള്‍ സ്ഥാപിക്കാമെന്നു ടീം അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഈ രണ്ട് വേദികള്‍ക്ക് പുറമെ ചെന്നൈ, ഡല്‍ഹി, ലഖ്നൗ, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍ എന്നിങ്ങനെ ടീമുകളുടെ ഹോം ഗ്രൗണ്ടുകളെല്ലാം ഐപിഎല്‍ ആവേശത്തിന് വേദിയാകും. കൂടാതെ ധരംശാല, ന്യൂ ചണ്ഡീഗഢ് എന്നീ നഗരങ്ങളും കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി, റാഞ്ചി, റായ്പൂര്‍ എന്നിവയും മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ സാധ്യതയുള്ള വേദികളാണ്. വിശാഖപട്ടണവും പട്ടികയിലുണ്ട്. മഹാരാഷ്ട്രയില്‍ മുംബൈക്ക് പുറമെ പൂനെ, നവി മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ നേരിട്ട് കാണാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വേദികളുടെ എണ്ണം ഇത്തരത്തില്‍ വിപുലീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. ഔദ്യോഗികമായ സ്ഥിരീകരണം ബിസിസിഐയില്‍ നിന്ന് വരാനിരിക്കുന്നതേയുള്ളൂ എങ്കിലും പുറത്തുവന്ന ഈ സാധ്യതാ പട്ടിക ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

