
ദില്ലി: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇംഗ്ലണ്ടിന്റെ സമീപകാലത്തെ ഏറ്റവും സ്വാധീനമുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായ ബെന്‍ സ്റ്റോക്‌സ്, മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി വരള്‍ച്ചയ്ക്ക് പരിഹാരം കണ്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 7000 റണ്‍സും 200 വിക്കറ്റും നേടിയ താരങ്ങളുടെ പട്ടികയിലര്‍ ഇടം കണ്ടെത്താനും സ്റ്റോക്‌സിന് സാധിച്ചിരുന്നു.
എന്നാല്‍ കപില്‍ ദേവ് പറയുന്നത്, സ്റ്റോക്‌സ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേക്കാള്‍ പിന്നിലാണണെന്നാണ്. 3697 റണ്‍സും 326 വിക്കറ്റുകളും ജഡേജയുടെ പേരിലുണ്ട്. കപില്‍ പറയുന്നതിങ്ങനെ... '''എനിക്ക് താരതമ്യം ചെയ്യാന്‍ താല്‍പ്പര്യമില്ല. സ്റ്റോക്‌സ് ഒരു നല്ല ഓള്‍റൗണ്ടറാണ്, പക്ഷേ എനിക്ക് ഇപ്പോഴും ജഡേജ മുന്നിലാണെന്ന് തോന്നുന്നു. അദ്ദേഹം വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്നു.'' മുന്‍ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും കപില്‍ സംസാരിച്ചു. ''ഗില്‍ തെറ്റുകള്‍ വരുത്തും, എന്നാല്‍ അവയില്‍ നിന്ന് പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന് സമയം നല്‍കണം. ഇത് ഗില്ലിന്റെ ആദ്യ പരമ്പരയാണ്; അവന്‍ തെറ്റുകള്‍ വരുത്തും, കാലക്രമേണ ധാരാളം പോസിറ്റീവുകള്‍ ഉണ്ടാകും. ഇന്ത്യയുടേത് യുവനിരയാണ്. അവര്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ കളിക്കാര്‍ വിജയിക്കും. ലോകത്തിലെ ഏതൊരു പുതിയ ടീമും പൊരുത്തപ്പെടാന്‍ സമയമെടുക്കും.'' കപില്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ നിരവധി ആരാധകര്‍ ചോദ്യം ചെയ്തിരുന്നു, ക്യാപ്റ്റന്റെ ബൗളിംഗ് മാറ്റങ്ങള്‍ പോരാ എന്നായിരുന്നു വാദം. അതിന് മറുപടിയായിട്ടാണ് കപില്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ടിന് (150) പുറമെ ബെന്‍ സ്റ്റോക്‌സും (141) ഇന്ന് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.