കളിക്കാര്‍ക്ക് ഐപിഎല്‍ മാത്രം മതി, ഏകദിന, ടെസ്റ്റ് മത്സരങ്ങളെ രക്ഷിക്കാന്‍ ഐസിസി ഇടപെടണമെന്ന് കപില്‍

By Gopalakrishnan CFirst Published Aug 16, 2022, 8:46 PM IST
Highlights

യൂറോപ്യന്‍ ഫുട്ബോളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെക്കാള്‍ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ലോകകപ്പില്‍  മാത്രമാണ്. ക്രിക്കറ്റും അതേവഴിയിലേക്കാണ് നീങ്ങുന്നത്.

ദില്ലി: ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. യൂറോപ്പിലെ ഫുട്ബോള്‍ മത്സരങ്ങളുടേതിന് സമാനമായ രീതിയിലേക്കാണ് ക്രിക്കറ്റും പോകുന്നതെന്നും ഉഭയകക്ഷി പരമ്പരകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറം പ്രാധാന്യം കുറഞ്ഞ‌ുവരികയാണെന്നും കപില്‍ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.

യൂറോപ്യന്‍ ഫുട്ബോളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെക്കാള്‍ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ലോകകപ്പില്‍  മാത്രമാണ്. ക്രിക്കറ്റും അതേവഴിയിലേക്കാണ് നീങ്ങുന്നത്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നത്. ക്ലബ്ബ് ക്രിക്കറ്റിന്‍റെ ബീഷണിയെ മറികടന്ന് ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് ഐസിസി ഗൗരവമായി ആലോചിക്കണമെന്നും കപില്‍ വ്യക്തമാക്കി.

കെ എല്‍ രാഹുലായിരിക്കില്ല അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

എന്നാല്‍ അടുത്ത ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍(എഫ്‌ടി‌പി) കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നും അടുത്ത ഒമ്പത് വര്‍ഷത്തിനിടയില്‍ മൂന്ന് ഏകദിന ലോകകപ്പുകളാണ് രാജ്യങ്ങള്‍ കളിക്കാന്‍ പോകുന്നതെന്നുമാണ് ഐസിസിയുടെ നിലപാട്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും തുടരാനാവില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടും മത്സരാധിക്യം കാരണം കരാറില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ കൂടുതല്‍ താരങ്ങള്‍ ഇതേരീതിയില്‍ രംഗത്തുവരികയും ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം തെരഞ്ഞെടുക്കുകും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയും വൈകാതെ ഏകദിന ക്രിക്കറ്റ് മതിയാക്കി ടി20  ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

click me!