ഇത്തവണ സെലക്റ്റര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല; കരുണിന്‍റെ തിരിച്ചുവരവ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

Published : May 25, 2025, 02:05 PM IST
ഇത്തവണ സെലക്റ്റര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല; കരുണിന്‍റെ തിരിച്ചുവരവ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

Synopsis

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി താരം കരുൺ നായർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. 2016ൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ കരുൺ, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

മുംബൈ: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളിതാരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. 2016ല്‍ ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ ഇരട്ട സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ 2017ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. വിരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിനേടിയ ഏക താരമാണ് 33കാരനായ കരുണ്‍ നായര്‍. ആഭ്യന്തര ക്രിക്കറ്റില്‍ കരുണ്‍ നായര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ ഇത്തവണ സെലക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. 

വിജയ് ഹസാരേ ട്രോഫിയില്‍ എട്ട് ഇന്നിംഗ്‌സില്‍ 779 റണ്‍സും രഞ്ജി ട്രോഫിയിലെ 16 ഇന്നിംഗ്‌സില്‍ 863 റണ്‍സും സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറ് ഇന്നിംഗ്‌സില്‍ 255 റണ്‍സുമാണ് കരുണ്‍ നായര്‍ നേടിയത്. രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കരുണ്‍ നായരുടെ പങ്ക് നിര്‍ണായകമായിരുന്നു. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന്  എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം.

ഒരു സുപ്രധാന നിമിഷത്തിലാണ് കരുണിന്റെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ്. രാജാവും ഹിറ്റ്മാനും പടിയിറങ്ങിയിരിക്കുന്നു. പുതുതലമുറയുടെ കാലഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. രണ്ട് അതികായരുടെ വിടവ് നികത്താനുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മധ്യനിരയിലേക്ക് കണ്ണോടിച്ചാല്‍ അവിടെ പരിചയസമ്പത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുന്നതുകാണാനാകും. രോഹിതിന്റെ അഭാവം നികത്താന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞു. കോലിയുടെ അസാന്നിധ്യത്തിന് പരിഹാരമാകാന്‍ കരുണിന് സാധിച്ചേക്കും. കാരണം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരുണിന്റെയത്ര മികച്ച റെക്കോര്‍ഡുള്ള മറ്റൊരുതാരം സാധ്യതാ സംഘത്തിലില്ല എന്നതുകൊണ്ട് തന്നെ. രാഹുല്‍ പോലും കരുണിന് പിന്നിലാണ്.

അനുകൂലമായ മറ്റൊന്ന് ഇംഗ്ലീഷ് വിക്കറ്റുകളിലെ അനുഭവമാണ്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പലപ്പോഴും തിരിഞ്ഞുനടക്കേണ്ടി വന്ന മൈതാനങ്ങളില്‍ കരുണ്‍ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്റ്റന്‍ഷയറിനായി 13 കളികളില്‍ നിന്ന് 985 റണ്‍സ് നേടിയിരുന്നു, ശരാശരി 69 ആണ് താരത്തിന്റേത് എന്നതും ടീമിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു.

രഞ്ജിയിലേക്കാള്‍ മികച്ച ഫോമിലായിരുന്നു കരുണ്‍ വിജയ് ഹസാരെയില്‍. ഫോം ഓഫ് ഹിസ് ലൈഫ് എന്ന് തന്നെ പറയാം. ഒന്‍പത് മത്സരങ്ങള്‍ 779 റണ്‍സ്. അഞ്ച് സെഞ്ച്വറി. 124 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ കരുണിന്റെ ശരാശരിയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ആകര്‍ഷിച്ചത്.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര